വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തെ ദുരന്തബാധിതരായവർക്കാണ് സഹായം ലഭിക്കുക.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ ആനുകൂല്യം നൽകും. 30 ദിവസത്തേക്കാണ് അടിയന്തര സഹായം. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10,000 രൂപ വീതം അനുവദിക്കും.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതുഉടമസ്ഥതയിലോ താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്യാമ്പുകളിലുള്ളവരെ വീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും കല്പറ്റയില്‍ അറിയിച്ചു. കണ്ടെത്തിയ വീടുകള്‍ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയാലുടന്‍ താമസത്തിന് നല്‍കും. ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും ലഭ്യമാക്കുന്നതിനായി ഇടപെടുന്നതിന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പ്രദേശം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോട് 2,000 കോടി അടിയന്തര പുനരധിവാസത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ക്യാമ്പുകള്‍ തുടരും. പണമിടപാട് സ്ഥാപനങ്ങള്‍ ദുരന്തബാധിതരുടെ വായ്പാ തിരിച്ചടവിനായി സമീപിക്കുന്നതില്‍ സര്‍ക്കാരിന് കര്‍ക്കശ നിലപാടാണുള്ളത്. വായ്പാ തിരിച്ചടവില്‍ ഇളവ് പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മന്ത്രിമാര്‍ പറഞ്ഞു.
English Summary: The government kept the disaster victims together; relief money
You may also like this video