Site icon Janayugom Online

റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ‘ഗോള്‍ഡന്‍ അവറി‘ല്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും: സര്‍ക്കാര്‍

reward

റോഡ് അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് പരിതോഷികമായി തുക നല്‍കാന്‍ സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയമാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ ആയിരിക്കും പദ്ധതി തുടങ്ങുക. റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ‘ഗോള്‍ഡന്‍ അവര്‍’ എന്ന് വിളിക്കപ്പെടുന്ന നിര്‍ണ്ണായക മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ 5000 രൂപയാണ് പരിതോഷികം.

ഒന്നിലധികം പേരെ ആശുപത്രിയില്‍ എത്തിച്ചാലും ഇതേ തുകയെ ലഭിക്കൂ. മാര്‍ച്ച് 2026വരെ ഈ പദ്ധതി ഉണ്ടാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. റോഡ് അപകടങ്ങളെ തുടര്‍ന്ന് ശരിയായ സമയത്ത് ചികില്‍സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും, ഇവരെ ചികില്‍സയ്ക്ക് എത്തിക്കാനുള്ള ജനങ്ങളുടെ സന്നദ്ധത പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചത്. അതേ സമയം ഗുരുതരമായ അപകടം പറ്റിയവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് പാരിതോഷികം, ഗുരുതരമായ അപകടം എന്താണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പറയുന്നുണ്ട്. ഇത് പ്രകാരം ഇതിലെ ഇര എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കണം, മൂന്ന് ദിവസമെങ്കിലും ആശുപത്രി വാസം വേണം, തലച്ചോര്‍, നട്ടെല്ല് എന്നിവയ്ക്ക് പരിക്ക് പറ്റിയിരിക്കണം

കൂടുതല്‍പ്പേര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുന്നതെങ്കില്‍ 5000 രൂപ വീതംവച്ച് നല്‍കും. അതേ പോലെ തന്നെ ഇത്തരം കേസുകള്‍ പരിഗണിച്ച് വര്‍ഷവും ദേശീയ തലത്തില്‍ മികച്ച രക്ഷപ്പെടുത്തല്‍ നടത്തിയ വ്യക്തിക്കോ വ്യക്തികള്‍ക്കോ ഒരു ലക്ഷം രൂപ പാരിതോഷികവും നല്‍കും.

അപകടം നടന്നാല്‍ അത് പൊലീസിനെ അറിയിക്കണം. പൊലീസ് ആശുപത്രിയില്‍ എത്തിക്കുന്നയാള്‍ക്ക് ഒരു രശീത് നല്‍കും. ഇതിനൊപ്പം ഡോക്ടറുടെ ലെറ്റര്‍പാഡില്‍ ഒരു കത്തും വാങ്ങണം. ഇത് ജില്ലതലത്തിലുള്ള റിവ്യൂ കമ്മിറ്റിക്ക് അയക്കണം. ജില്ല കളക്ടര്‍ അധ്യക്ഷനായതായിരിക്കും ഈ സമിതി. ഇവരാണ് ഇത്തരം കേസുകള്‍ പരിശോധിച്ച് പരിതോഷികം നല്‍കേണ്ട കേസുകളാണോ എന്ന് തീരുമാനിക്കുക.

 

Eng­lish Sum­ma­ry: The gov­ern­ment will give a reward to those who take the seri­ous­ly injured in road acci­dents to the hos­pi­tal in ‘Gold­en Hour’.

 

you may like this video also

Exit mobile version