ഗാർഹിക ഉല്പന്നങ്ങൾ ഇനി മുതൽ ഓൺലൈനിലൂടെ വീട്ടുപടിക്കലെത്തും. ചെറുകിട ഗാർഹിക വ്യവസായ യൂണിറ്റുകളുടെ ഉല്പന്നങ്ങൾ ഓൺലൈനിലൂടെ വാങ്ങാൻ ‘ഓപ്പൺ യൂട്ടിലിറ്റി നെറ്റ് വർക്ക്’ എന്ന വ്യാപാര ശൃംഖലയ്ക്ക് സംസ്ഥാനത്ത് തുടക്കമാകുന്നു.
സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റാണ് ഈ ഓൺലൈൻ വ്യാപാരശ്യംഖലയുടെ നടത്തിപ്പുകാർ. ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും വർധിപ്പിക്കാൻ വൻകിട ഓൺലൈൻ വ്യാപാര മാതൃകയിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
സർക്കാരിന്റെ പുതിയ ഓൺലൈൻ വ്യാപാര ശൃംഖലയിൽ ഓഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള ചുമതല കുടുംബശ്രീക്കാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന ഓൺലൈൻ വ്യാപാരത്തെ പുതിയ പദ്ധതിയുമായി ബന്ധിപ്പിക്കും. ഇതു കുടുംബശ്രീക്കാർക്ക് വരുമാനം കൂട്ടും. ഒരു കോടി രൂപയിൽ താഴെ മുതൽമുടക്കുള്ള വ്യവസായ യൂണിറ്റുകളെയാകും ഓൺലൈൻ ശൃംഖലയിൽ ഉൾപ്പെടുത്തുന്നത്. ശൃംഖലയുടെ ഭാഗമാകുന്ന സംരംഭകർ നിശ്ചിത തുക രജിസ്ട്രേഷൻ ഫീസായി നൽകണം.
വർഷം തോറും രജിസ്ട്രേഷൻ പുതുക്കാൻ നിശ്ചിത തുക നൽകേണ്ടി വരും.
വിവരസാങ്കേതിക വകുപ്പ് സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം സ്റ്റാർട്ട് അപ്പുകളുടെ സഹായത്തോടെ പദ്ധതിക്കാവശ്യമായ ഓൺലൈൻ ആപ്ലിക്കേഷൻ വികസിപ്പിക്കും. ഉപഭോക്താക്കളുടെ പരാതി അന്വേഷിക്കാനും പരിഹരിക്കാനും പ്രത്യേക സംവിധാനം ഉണ്ടാകും. ശൃംഖലയിലൂടെ വിറ്റഴിക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കും. ആദ്യഘട്ടത്തിൽ ഉല്പന്നങ്ങൾ അതത് ജില്ലക്കാർക്ക് മാത്രമായിരിക്കും വാങ്ങുവാൻ സാധിക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലുള്ളവർക്കും വാങ്ങാൻ സൗകര്യം ഒരുക്കും.
ENGLISH SUMMARY:The government’s online trading network Open Utility Network is launched
You may also like this video