Site iconSite icon Janayugom Online

പിഎംശ്രീയിൽ ഒപ്പുവെച്ച സർക്കാർ നിലപാട് ലജ്ജാവഹം; എഐഎസ്എഫ് പ്രതിഷേധം ഇരമ്പി

കേരളത്തിലെ വിദ്യാർത്ഥികളെ വഞ്ചിച്ച് പിഎംശ്രീയിൽ ഒപ്പു വച്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ എഐഎസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ പിഎംശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചത് കേരത്തിലെ വിദ്യാർത്ഥി സമൂഹത്തെ ഒറ്റികൊടുത്തതിനു തുല്യമാണെന്നും ഇടതു മുന്നണി നയങ്ങളിൽ നിന്നുള്ള വ്യതിചലനം അംഗീകരിക്കാൻ കഴിയില്ലെന്നും എന്നും സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എ അഖിലേഷ് പറഞ്ഞു. പിഎംശ്രീയിൽ ഒപ്പു വച്ചതോടെ സംസ്ഥാന സർക്കാർ വഞ്ചിച്ചത് കേരളത്തിലെ വിദ്യാർത്ഥികളെയും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെയുമാണ്. കേരളത്തിലെ വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനും വർഗ്ഗീയവത്കരിക്കാനും എൽഡിഎഫ് സർക്കാർ കൂട്ട് നിൽക്കരുത്. സർവ ശിക്ഷ അഭിയാൻ ഫണ്ടുകൾ തടഞ്ഞ വിഷയത്തിൽ കോടതിയെ സമീപിക്കാനും യോജിച്ച പോരാട്ടം നടത്താനും സർക്കാർ ശ്രമിക്കേണ്ടതായിരുന്നു. എസ്എഫ്ഐയുടെ മൗനം ദയനീയമാണെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎംശ്രീ നടപ്പിലാക്കിയതിനാൽ കെഎസ്‌യുവിനും ഈ വിഷയത്തിൽ ഇരട്ടത്താപ്പാണെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി. 

ജില്ലാ പ്രസിഡന്റ് കെ എസ് അഭിറാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മിഥുൻപോട്ടക്കാരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അലൻ പോൾ, അരവിന്ദ് കൃഷ്ണാ, സാനിയ പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എം അഭിജിത്ത്, വി കെ പ്രശാന്ത്, ആദിത്യൻ, ടി എ അനജ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. ഇരിങ്ങാലക്കുട : പിഎംശ്രീയിൽ ഒപ്പു വച്ച സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ എഐഎസ്എഫ് എച്ച്ഡിപി യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ ഉദ്ഘാടനം ചെയ്തു. എടതിരിഞ്ഞി സെക്രട്ടറി യാദവ് അധ്യക്ഷതവഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി വിഘ്‌നേഷ്, പ്രസിഡന്റ്‌ ജിബിൻ ജോസ് എന്നിവർ സംസാരിച്ചു. എടതിരിഞ്ഞി പ്രസിഡന്റ്‌ അൻഷാദ് സ്വാഗതവും എച്ച്ഡിപി യൂണിറ്റ് സെക്രട്ടറി അഭിനവ് ടി ജിബീഷ് നന്ദിയും പറഞ്ഞു.

Exit mobile version