Site iconSite icon Janayugom Online

നിഴലിനോട് യുദ്ധംചെയ്യുന്ന ഗവർണർ

മാധ്യമ വിഭ്രാന്തി പുതിയ കാലത്ത് ചിലരിൽ കാണപ്പെടുന്ന മാനസികാവസ്ഥയാണ്. കുപ്രചരണങ്ങളെയും വ്യാജബോധ്യങ്ങളെയും പിൻപറ്റി മാധ്യമ ഇടങ്ങളിൽ നിറയുകയും അല്ലെങ്കിൽ തന്റെ സാന്നിധ്യം അന്തരീക്ഷത്തിൽ നിലനിർത്തുന്നതിന് വിവാദങ്ങൾ സൃഷ്ടിച്ചും ആരോപണങ്ങൾ ഉന്നയിച്ചും ആത്മനിർവൃതി അടയുകയും ചെയ്യുക എന്നതാണ് ഈ അവസ്ഥ. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്തരമൊരു അവസ്ഥയിലാണെന്നുവേണം അനുമാനിക്കുവാൻ. ഇടയ്ക്കിടെ മാധ്യമങ്ങളുടെ വ്യാജനിർമ്മിതികളെ മുൻനിർത്തി സംസ്ഥാന സർക്കാരിനെതിരെ കലഹിക്കുക എന്നത് അദ്ദേഹത്തിന്റെ പതിവാണ്. കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടിട്ടില്ലാത്ത അദ്ദേഹം വീണ്ടും സംസ്ഥാന സർക്കാരിനെതിരെ തിരിഞ്ഞ് നാണംകെടുകയാണ്. നേരത്തെയും ഈ സാഹചര്യങ്ങളെ അദ്ദേഹം അഭിമുഖീകരിച്ചിട്ടുണ്ട്. ബില്ലുകൾ തടഞ്ഞുവയ്ക്കുകയും രാഷ്ട്രപതിക്ക് അയയ്ക്കുകയുമൊക്കെ ചെയ്ത് സംസ്ഥാന നിയമസഭയുടെ അധികാരത്തിൽ കൈകടത്തുന്ന, ഭരണഘടനാ വിരുദ്ധമായ സമീപനങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായി. ഇതിനെതിരെ കോടതികളിൽ നിന്ന് നിശിതവിമർശനങ്ങൾ ഏറ്റുവാങ്ങി നാണം കെടുകയും ചെയ്തു. സെനറ്റ് നിയമനത്തിന്റെ പേരിലും കോടതികളിൽ നിന്ന് അദ്ദേഹത്തിന് തിരിച്ചടി നേരിട്ടു. എന്നിട്ടും താൻ ജീവിച്ചിരിപ്പുണ്ടെന്ന് ഓർമ്മിപ്പിക്കാനെന്നതുപോലെ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിലുള്ള വിവാദ വ്യവസായം തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയെന്ന നിലയിൽ ഔദ്യോഗികവും ആധികാരികവുമായി വിവരലഭ്യതയ്ക്ക് അവസരമുള്ള സ്ഥാനമാണ് ഗവർണർ എന്നത്. സംസ്ഥാനത്തെ സംബന്ധിച്ച ഏത് വിവരങ്ങളും കേന്ദ്ര ഏജൻസികളിൽ നിന്ന് കൈമാറ്റപ്പെടുകയും ചെയ്യും. എന്നാൽ ഊഹാപോഹങ്ങളെയും മാധ്യമവാർത്തകളെയും അടിസ്ഥാനമാക്കി വിവാദങ്ങളിൽ അഭിരമിക്കുവാനാണ് അദ്ദേഹത്തിന് താല്പര്യം. ഇപ്പോൾ അദ്ദേഹം ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ അതാണ് വ്യക്തമാക്കുന്നത്.


അനന്തിരവൻ കോംപ്ലക്സ് ബാധിച്ച ഗവർണർ


മലപ്പുറത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എന്തൊക്കെയോ പറഞ്ഞുവെന്നും അത് തന്നെ അറിയിച്ചില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മുഖ്യമന്ത്രി പറഞ്ഞിട്ടില്ലാത്തതും ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതുമായ വിഷയമാണ് ഗവർണർ ഉന്നയിച്ചത്. മലപ്പുറത്തെ സ്വർണക്കടത്ത്, ദേശവിരുദ്ധ കുറ്റകൃത്യങ്ങൾ എന്നിങ്ങനെ കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് ഗവർണർ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പേരിൽ ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) യോടും നേരിട്ട് വന്ന് കണ്ട് വിശദീകരണം നൽകാൻ ആവശ്യപ്പെടുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത്. മാധ്യമങ്ങൾ കെട്ടിച്ചമച്ചതും ദുർവ്യാഖ്യാനം ചെ­യ്തതും പ്രതിപക്ഷം പ്രചരണായുധമാക്കിയതുമാ­യ വിഷയങ്ങളിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും എന്താണ് വിശദീകരിക്കേണ്ടതെന്ന ചോ­ദ്യത്തിനൊന്നും അ­ദ്ദേഹത്തിന് മുന്നിൽ യു­ക്തിയില്ല. അസാധാരണവും അനാവശ്യവുമാ­യ നടപടിയാണ് എന്നതിനാലാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും പോ­കേണ്ടതില്ലെന്ന് സ­ർക്കാർ തീരുമാനിച്ചത്. ആവശ്യപ്പെട്ട ചില വിഷയങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി അദ്ദേഹത്തിന് കത്ത് നൽകുകയും ചെയ്തു. എന്നാൽ പലപ്പോഴും സർക്കാർ വിരുദ്ധ ബാധയേറ്റതുപോലെ ഗവർണർ നിലമറന്നാണ് പെരുമാറുന്നത്.


ഗവര്‍ണര്‍രാജിനെതിരെ പശ്ചിമബംഗാളും സുപ്രീം കോടതിയിലേക്ക്


ഗവർണർമാരുടെ അധികാരത്തെ കുറിച്ച് സാമാന്യജനത്തിന് വ്യക്തമായ ധാരണകളുണ്ട്. കേന്ദ്രം ഭരിക്കുന്നവരുടെ ഇംഗിതങ്ങൾ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുവാനുള്ള ഉപകരണം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും അതിന് മതിയായ അധികാരങ്ങൾ പോലും ഭരണഘടന ഗവർണക്ക് നൽകുന്നില്ല. അങ്ങനെ മേനി നടിക്കാൻ മാത്രമേ സാധിക്കൂ. വിരമിക്കാറായ പാർട്ടിക്കാർക്ക് വിശ്രമജീവിതം സുഖകരമാക്കുവാനും ഇടയ്ക്കുകയറിവരുന്നവർക്കും നൽകാവുന്ന ചുമതല മാത്രമാണത്. അതിനപ്പുറം എന്തെങ്കിലും പ്രാധാന്യമില്ലാത്തതിനാൽ അനാവശ്യ പദവിയെന്നാണ് ജനാധിപത്യ വിശ്വാസികൾ കണക്കാക്കുന്നത്. ഈയൊരു പരിസരത്തുനിന്നാണ് തനിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് കാട്ടിത്തരാമെന്നൊക്കെ അദ്ദേഹം കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരിക്കുന്നത്. കേരളത്തിൽ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് സ്വയം കണ്ടെത്തുകയും അത് മുഖ്യമന്ത്രിയുടെ വായിൽ തിരുകാൻ ശ്രമിക്കുകയുമാണ് അദ്ദേഹം. ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖമാണ് അദ്ദേഹം ഇതിനുപയോഗിക്കുന്നത്. ഹവാലപ്പണം, സ്വർണക്കള്ളക്കടത്ത്, ദേശവിരുദ്ധ പ്രവർത്തനം എന്നിങ്ങനെ പതിവ് സംഘ്പരിവാർ വാചകങ്ങളാണ് മുഖ്യമന്ത്രിയുടേതെന്ന പേരിൽ അദ്ദേഹം ആവർത്തിക്കുന്നത്. ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ വന്ന മുഖ്യമന്ത്രിയുടേതല്ലാത്ത പരാമർശങ്ങൾ തങ്ങൾക്ക് പറ്റിയ തെറ്റാണെന്ന് പത്രം സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതാണ്. എന്നാൽ അതിന്റെ പേരിൽ നിഴൽയുദ്ധം നടത്തുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് എന്തെങ്കിലും അധികാരമുണ്ടെന്ന് തെളിയിക്കുവാൻ കഴിയുമെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കത്തിൽ ആവശ്യപ്പെട്ടതുപോലെ, നികുതിവെട്ടിച്ച് എത്തുന്ന സ്വർണത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാരിനോട് ചോദിച്ച് മനസിലാക്കുകയാണ് വേണ്ടത്. കാരണം രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന സ്വർണം പിടികൂടേണ്ട ഉത്തരവാദിത്തം കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റംസിനാണ്. വിമാനത്താവളത്തിലെ പരിശോധന വെട്ടിച്ച് സ്വർണം എത്തുന്നുണ്ടെങ്കിൽ അത് കസ്റ്റംസിന്റെ വീഴ്ചയാണ്. അതിനർത്ഥം കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനാണ് വീഴ്ചയെന്നാണ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉയർന്ന സ്വർണക്കള്ളക്കടത്ത് ആരോപണത്തിന്റെ സ്ഥിതിയെന്തായി എന്ന് കേന്ദ്ര ഏജൻസികളോട് ചോദിച്ച് ജനങ്ങളെ അറിയിക്കുവാനും അദ്ദേഹത്തിന് സാധിക്കും. ഇതുപോലുള്ള ചെറിയ ഉത്തരവാദിത്തങ്ങൾ പോലും നിർവഹിക്കാനാകാതെ, മാധ്യമവിഭ്രാന്തിയുമായി സംസ്ഥാനസർക്കാരിനെ അലോസരപ്പെടുത്താൻ നടക്കുകയാണ് അദ്ദേഹം.

Exit mobile version