Site iconSite icon Janayugom Online

വീണ്ടും ഭീഷണിയുമായി ഗവര്‍ണര്‍; അധികാരം കാട്ടിത്തരാം

തനിക്ക് എന്ത് അധികാരമാണുള്ളതെന്ന് ഉടൻ മനസിലാക്കിത്തരാമെന്ന ഭീഷണിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളിയതും ഇരുവരെയും വിളിപ്പിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയതുമാണ് സര്‍ക്കാരിനെതിരെ തിരിയാൻ ഗവര്‍ണറെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് തന്റെ അധികാരം കാട്ടിത്തരാമെന്നായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. പോത്തൻകോട് ശാന്തിഗിരിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെയുള്ള കടുത്ത പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ നടത്തിയത്.
ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം ജില്ലയുടെ പേരില്‍ മുഖ്യമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷവും ചില മാധ്യമങ്ങളും നടത്തുന്ന വ്യാജപ്രചരണങ്ങളെ ഏറ്റെടുത്തായിരുന്നു ഗവര്‍ണറുടെ ഇന്നലത്തെ ഭീഷണി. 

എന്ത് വിശ്വാസ്യതയാണ് മുഖ്യമന്ത്രിക്കുള്ളത്. അഭിമുഖത്തിന് പി ആര്‍ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അഭിമുഖം നടത്തിയ ഹിന്ദു ദിനപത്രം തന്നെ പറയുന്നു മുഖ്യമന്ത്രിയുടെ അഭിമുഖം തരാമെന്ന് പറഞ്ഞ് സമീപിച്ചത് പി ആര്‍ എജൻസിയാണെന്ന്. അങ്ങനെയെങ്കില്‍ ആരെയാണ് ഞാൻ വിശ്വസിക്കേണ്ടത്. സംസ്ഥാന ഭരണത്തലവൻ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിഞ്ഞാല്‍ മിണ്ടാതിരിക്കാനാവില്ല. 20 ദിവസത്തിന് ശേഷം തന്നെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയോട് വിവരങ്ങള്‍ തേടിയത്. ആ എന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് പണം ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് രാഷ്ട്രപതിയെ ധരിപ്പിക്കേണ്ടത് എന്റെ ബാധ്യതയും അധികാരപരിധിയില്‍ വരുന്നതുമാണ്. അല്ലാതെ വെറുതെ ആസ്വദിക്കാനല്ല രാജ്ഭവനില്‍ താനിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, ഗവര്‍ണ‍ര്‍ വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സര്‍ക്കാരിനെതിരെ നിരന്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്ട്. രാജ്ഭവന്റെ കത്തിന് മറുപടി വൈകിയില്ല. സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായത്. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ല. ദേശവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. 

നികുതിവെട്ടിച്ച് എത്തുന്ന സ്വർണത്തിന്റെ വിവരങ്ങൾക്ക് കേന്ദ്രസർക്കാരിനോടാണ് ചോദിക്കേണ്ടത്. സംസ്ഥാന സർക്കാരിനോടല്ല. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന സ്വർണം പിടികൂടേണ്ട ഉത്തരവാദിത്തം കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള കസ്റ്റംസിനാണ്. വിമാനത്താവളത്തിലെ പരിശോധന വെട്ടിച്ച് സ്വർണം എത്തുന്നുണ്ടെങ്കില്‍ അത് കസ്റ്റംസിന്റെ വീഴ്ചയാണ്. സെപ്റ്റംബർ 21ന് നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിലെ ചില വിമാനത്താവളങ്ങളിലൂടെ എത്തിയ സ്വർണം പൊലീസ് പിടികൂടിയതിന്റെ കണക്കുകൾ വ്യക്തമാക്കിയിരുന്നു. പൊലീസ് സ്വീകരിച്ച നടപടിയാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചത്. ഹിന്ദു പത്രത്തിലെ അഭിമുഖത്തിൽ വന്ന തന്റേതല്ലാത്ത പരാമർശങ്ങളുടെ പേരിൽ വീണ്ടും അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. പത്രം അവർക്ക് പറ്റിയ തെറ്റാണെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയെ ഇരുട്ടിൽ നിർത്തി ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശിച്ച ഗവർണറുടെ നടപടി ഉചിതമല്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. 

Exit mobile version