ആർഎസ്എസ് പള്ളിക്കൂടത്തിൽ പഠിച്ച്, അതിന്റെ ആശയപരിശീലകനായ ഗവർണർ രാജേന്ദ്ര അർലേക്കറെ കേരളത്തിലെ അക്കാദമിക സമൂഹം അംഗീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതാംബ വിവാദം കുത്തിപ്പൊക്കിയ ഗവർണർ തന്നെ വിഷം ഇറക്കണം. ഭാരതമാതാവ് സിംഹത്തിന്റെ പുറത്തിരിക്കുന്ന കാവിക്കൊടിയേന്തിയ സ്ത്രീയാണെന്ന് ഇന്ത്യക്ക് അറിയില്ല. അത് ആർഎസ്എസ് ശാഖയിൽ പോകുന്നവർക്ക് മാത്രമേ അറിയൂ. രാജ്ഭവന്റെ അകത്തളത്തിൽ മാത്രമല്ല, സര്‍വകലാശാലയിലും സിംഹപ്പുറത്തിരിക്കുന്ന സ്ത്രീയുടെ ചിത്രം അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ കേരളം അത് അംഗീകരിക്കില്ല. സര്‍വകലാശാലയെ ഏതെങ്കിലും രാഷ്ട്രീയ ആശയത്തിന്റെ തടവിലാക്കാൻ പാടില്ലെന്ന കാര്യം ഗവർണർ മറന്നുപോയി. ഭാരതമാതാവ് എന്നാൽ ഇന്ത്യയിലെ കോടാനുകോടി സ്ത്രീകളും പുരുഷന്മാരുമായ മനുഷ്യരാണ്. ഭാരത് മാതാ കീ ജയ് എന്ന് കമ്മ്യൂണിസ്റ്റുകാർ ജയ് വിളിച്ചത് അവരെയാണ്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഭാരത് മാത കീ ജയ് വിളിച്ച് ദേശീയപതാക ഉയർത്തിയത്. ആ മുദ്രാവാക്യത്തിന്റെ അട്ടിപ്പേറ് ബിജെപിക്കും ആർഎസ്എസിനും ഗവർണർക്കുമല്ലെന്നും ഇന്ത്യയുടെ പ്രതീകം മൂവർണക്കൊടിയായ ദേശീയപതാകയാണെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുളയിൽ പേരുമാറ്റി തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്താൻ വന്നാൽ അത് ആപത്തിലേക്കുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
ആരെല്ലാം നിലപാട് മാറ്റിയാലും പരിസ്ഥിതിയെ മാനിച്ച് മുന്നോട്ടുപോകും. കേരളത്തിൽ പരിസ്ഥിതിയെയും പ്രകൃതിയെയും അട്ടിമറിക്കുന്ന ഒരുകാര്യവും ഇടതുപക്ഷം നടപ്പാക്കില്ല. ഏതെല്ലാം കാരണങ്ങൾ കൊണ്ടാണോ ആറന്മുളയിലെ വിമാനത്താവളം പദ്ധതി മാറ്റിവച്ചത് അതേകാരണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എൽഡിഎഫിന്റെ ഉറച്ചനിലപാട് പരിസ്ഥിതിയെ ഉയർത്തിപ്പിടിക്കുന്ന വികസനമാണെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും ബോധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

