Site iconSite icon Janayugom Online

ഗവര്‍ണര്‍ പദവി അനാവശ്യ ആര്‍ഭാടം; ഗവര്‍ണര്‍ സ്ഥാനം തന്നെ വേണ്ട എന്നാണ് സിപിഐയുടെ നിലപാട്: കാനം

ആവശ്യമില്ലാത്ത ആര്‍ഭാടമാണ് ഗവര്‍ണര്‍ പദവിയെന്നും ഗവര്‍ണര്‍ സ്ഥാനം തന്നെ വേണ്ട എന്ന നിലപാടാണ് സിപിഐയുടേതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിയ കമ്മിഷനു മുന്നില്‍ ഇക്കാര്യം സിപിഐ ഉന്നയിച്ചിരുന്നതാണെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ കാനം പറഞ്ഞു. ഗവര്‍ണര്‍ക്ക് എന്തും പറയാം എന്ന് ചിന്തിക്കുന്നതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹത്തിന്റെ ജോലികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിനപ്പുറത്തേക്ക് കടന്നുള്ള പ്രതികരണങ്ങളെ ഗൗരവമായി എടുക്കേണ്ടതില്ല.

157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. ഗവര്‍ണര്‍ മൂന്നാറിലേക്കും ലക്ഷദ്വീപിലേക്കും നടത്തിയ യാത്രയുടെ ചെലവിനെ കുറിച്ച് ഞങ്ങളാരും ഒന്നും ചോദിക്കുന്നില്ലല്ലോ. വിവരാവകാശ നിയമം ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചാല്‍ ചെലവിന്റെ വിവരങ്ങള്‍ ലഭിക്കുമെന്നും കാനം പറഞ്ഞു. ഭരണഘടനയുടെ 176-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാന മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ബാധ്യതപ്പെട്ടയാളാണ്.

അതു പശ്ചിമ ബംഗാളിലെ ഒരു കേസില്‍ ഈ അടുത്തുതന്നെ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ആ ബാധ്യത അദ്ദേഹം നിര്‍വഹിക്കേണ്ടതാണ്. അതു ചെയ്തില്ലെങ്കില്‍ രാജിവെച്ച് പോകേണ്ടി വരുമെന്നും കാനം പറഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ഇടപെടാന്‍ അദ്ദേഹത്തിന് ഒരു അധികാരവുമില്ല. അത് എക്‌സിക്യൂട്ടീവിന്റെ അധികാരത്തില്‍പെട്ടതാണ്. സര്‍ക്കാര്‍ ഗവര്‍ണറുടെ മുന്നില്‍ വഴങ്ങാന്‍ പാടില്ല എന്നാണ് സിപിഐ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

eng­lish sum­ma­ry; The gov­er­nor­ship is an unnec­es­sary extravagance

you may also like this video;

Exit mobile version