തുണിത്തരങ്ങളുടെ നികുതി 12 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനം നടപ്പിലാക്കുന്നത് നീട്ടി. ഇന്നലെ ചേര്‍ന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. പാദരക്ഷകളുടെ നികുതി നിരക്കിനെതിരെയും സംസ്ഥാന ധനമന്ത്രിമാര്‍ രംഗത്ത് എത്തിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ല. ഇതോടെ പാദരക്ഷകളുടെ വിലവര്‍ധന ഉറപ്പായി. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് ജിഎസ്‍ടി കൗണ്‍സില്‍ അടിയന്തര യോഗം കേന്ദ്രം വിളിച്ചു ചേര്‍ത്തത്.
പാദരക്ഷകളുടെയും തുണിത്തരങ്ങളുടെയും നികുതി അഞ്ചില്‍ നിന്നും 12 ആയി ഉയര്‍ത്താന്‍ കൗണ്‍സില്‍ യോഗം നേരത്തെ തീരുമാനമെടുത്തിരുന്നു. ഇന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരേണ്ടിയിരുന്നത്. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തീരുമാനത്തിനെതിരെ നിലപാട് എടുത്തതോടെയാണ് തീരുമാനം നീട്ടി വയ്ക്കാന്‍ ജിഎസ്‌ടി കൗണ്‍സില്‍ തീരുമാനിച്ചത്. ടെക്‌സ്റ്റൈല്‍ നികുതി നിരക്ക് വര്‍ധന മാത്രമാണ് ഇന്നലത്തെ യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നത്.
പാദരക്ഷകളുടെ കാര്യം പരിഗണിച്ചിട്ടില്ല. ജിഎസ്‍ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യവും വിവിധ സംസ്ഥാനങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു. ടെക്‌സ്റ്റെെല്‍ ഉല്പന്നങ്ങളുടെ ജിഎസ്‍ടി നിരക്ക് വര്‍ധന സംസ്ഥാന ധനമന്ത്രിമാരുടെ സമിതി പുനഃപരിശോധിക്കും. ഫെബ്രുവരി അവസാനത്തോടെ ലഭിക്കുന്ന സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.
english summary; The GST increase on clothing has been reversed
you may also like this video;