Site iconSite icon Janayugom Online

ഗുജറാത്ത് ലോബി മങ്ങുന്നു

ലോക‍്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ജമ്മുകശ്മീര്‍, യുപി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സമിതികളില്‍ നിന്ന് മോഡിയേയും അമിത്ഷായേയും ബിജെപിയും ആര്‍എസ്എസും ഒഴിവാക്കി. ഒരു പതിറ്റാണ്ടായി പാര്‍ട്ടിയുടെ എല്ലാ സംസ്ഥാനത്തെയും കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇരുവരുമായിരുന്നു. ഗുജറാത്ത് ലോബി എന്നറിയപ്പെടുന്ന ഇവരുടെ അപ്രമാദിത്വത്തിന് ഇതോടെ ഇളക്കം തട്ടിയിരിക്കുകയാണ്. മോഡിയും ഷായും ജമ്മുകശ‍്മീരിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കേണ്ടിവന്നു. പ്രാദേശിക ബിജെപി-ആര്‍എസ്എസ് നേതാക്കളുടെയും പഴയ നേതാക്കളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും എതിരെ പോരാടിയവരെ ഗുജറാത്ത് ലോബി അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അവസരവാദികള്‍ക്കാണ് പ്രാധാന്യം നല്‍കിയതെന്നും അവര്‍ പലപ്പോഴും ബിജെപിക്ക് എതിരായിരുന്നെന്നും ഇവര്‍ ആരോപിച്ചു. 

ഉത്തര്‍പ്രദേശിലെ (യുപി) നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് മോഡിയെ മുന്‍നിര്‍ത്തി പ്രചരണം നടത്തേണ്ടെന്നും മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിയില്‍ ചേര്‍ന്ന ബിജെപി-ആര്‍എസ്എസ് യോഗം തീരുമാനിച്ചു. ലോക‍്സഭാ തെരഞ്ഞെടുപ്പില്‍ മോഡി പ്രചരണം നടത്തിയത് തിരിച്ചടിയായി. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ പോലും താമര വിരിയിക്കാനായില്ല. അതുകൊണ്ട് മോഡിയുടെ തന്ത്രവും സ്ഥാനാര്‍ത്ഥി നിര്‍ണയവും വേണ്ടെന്നാണ് തീരുമാനം. ഇക്കാര്യങ്ങളെല്ലാം ഇത്തവണ ആദിത്യനാഥിന്റെ ചുമതലയാണ്. ബിജെപിയും ആര്‍എസ്എസും സര്‍ക്കാരുമായി ഒരുമിച്ച് സഹകരിച്ച് മുന്നോട്ട് പോകാനും തീരുമാനിച്ചു. പത്ത് നിയമസഭാ മണ്ഡലങ്ങളിലാണ് യുപിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ദേശീയ രാഷ‍്ട്രീയത്തില്‍ അമിത്ഷായുടെ പ്രധാന്യം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്ന് രാഷ‍്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അട്ടിമറിയിലൂടെ കര്‍ണാടക, ഝാര്‍ഖണ്ഡ് സര്‍ക്കാരുകളെ താഴെയിറക്കാനോ, വനിതാ ഡോക‍്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്നുണ്ടായ രാഷ‍്ട്രീയ സാഹചര്യം മുതലെടുത്ത് ബംഗാളില്‍ ഓപ്പറേഷന്‍ താമര നടത്താനോ പദ്ധതിയിട്ടിരുന്നെങ്കിലും ഫലവത്തായില്ല. യുപിയിലെയും ജമ്മുകശ‍്മീരിലെയും തീരുമാനങ്ങള്‍ വഴി ആര്‍എസ്എസ് അമിത്ഷായ‍്ക്ക് വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകപക്ഷീയ നിലപാടുകള്‍ വേണ്ടെന്നും ആര്‍എസ്എസുമായി കൂടിയാലോചന നടത്തണമെന്നുമാണ് തീരുമാനം. 

മോഡിയും അമിത്ഷായും സംസ്ഥാന ഘടകങ്ങള്‍ക്ക് മേല്‍ തങ്ങളുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇതുവരെ ചെയ‍്തുകൊണ്ടിരുന്നത്. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ വഴിയാണ് യുപിയിലെ കാര്യങ്ങളില്‍ ഇവര്‍ പിടിമുറുക്കിയിരുന്നത്. ആദിത്യനാഥും മൗര്യയും തമ്മിലുള്ള ഭിന്നതയും ഇവര്‍ കരുവാക്കി. എന്നാല്‍ ആര്‍എസ്എസ് ഇടപെട്ടതോടെ യോഗിയും കേശവ പ്രസാദും തമ്മിലുള്ള പ്രശ‍്നങ്ങള്‍ ഒത്തുതീര്‍പ്പായി. അതും മോഡി-ഷാ കൂട്ടുകെട്ടിന് തിരിച്ചടിയായി.
അതേസമയം ബിജെപിയിലെ മോഡിയുടെ അപ്രമാദിത്വം ഇല്ലാതാക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ തീരുമാനിച്ചെങ്കിലും പകരം ആര് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. നിതിന്‍ ഗഡ്കരി അടക്കമുള്ളവരെ ഉയര്‍ത്തിക്കാട്ടുമെന്ന വാര്‍ത്തകള്‍ മോഡിയെ സമ്മര്‍ദത്തിലാക്കാനാണ്. അദ്ദേഹം പ്രധാനമന്ത്രിയായി തുടരുന്നതിനോട് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിന് വിയോജിപ്പില്ല, എന്നാല്‍ ആര്‍എസ്എസ് നിര്‍ദേശിക്കുന്ന കാര്യങ്ങളില്‍ ഉത്തരവാദിത്തം കാണിക്കണം എന്നാണ് ആവശ്യം. സ്ഥാനത്ത് തുടരണമെങ്കില്‍ മോഡി ഇതിന് വഴങ്ങേണ്ടതായി വരും. 

Exit mobile version