Site iconSite icon Janayugom Online

ഹലാല്‍ ഭക്ഷണ വ്യാപാരമൂല്യം 1.3 ലക്ഷം കോടി ഡോളര്‍

രാജ്യത്ത് 1.3 ലക്ഷം കോടി ഡോളറിന്റെ ഹലാല്‍ ഭക്ഷണ വ്യാപാരത്തിലൂടെ നേട്ടം കൊയ്യുന്നത് റിലയന്‍സ്, രാംദേവ്, അഡാനി, ഒഎം, അല്‍ ദുവ, ഐടിസി, ഡാബര്‍ കമ്പനികള്‍. ജമാഅത്ത് ഉലമ ഹലാല്‍ ഫൗണ്ടേഷനി (ജെയുഎച്ച്എഫ്) ല്‍ നിന്ന് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നേടിയാണ് വന്‍കിട കമ്പനികളുടെ വ്യാപാരം. ഈ കമ്പനികളില്‍ ഭൂരിപക്ഷവും ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. കൃഷ്ണ ഇന്‍ഡസ്ട്രീസ്, ടാറ്റ, അമുല്‍ഫെഡ് ഡയറി എന്നീ കമ്പനികളും ഹലാല്‍ ഭക്ഷണ വ്യാപാര രംഗത്തെ പ്രമുഖരാണ്. ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ ഹലാല്‍ വിരുദ്ധ പ്രചാരണം ചൂടേറുന്ന സാഹചര്യത്തിലാണ് ഒരിക്കല്‍ കൂടി കണക്കുകള്‍ ചര്‍ച്ചയാകുന്നത്.

ഏറ്റവും കൂടുതല്‍ ഹലാല്‍ ഭക്ഷണം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 1420 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തുന്നത്. ഒന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ നിന്നും 1620 കോടി ഡോളറിന്റെ ഹലാല്‍ ഭക്ഷണമാണ് കയറ്റുമതി ചെയ്യുന്നത്. അറേബ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ മുന്‍നിരക്കാരായ യുപിയിലെ അല്‍ ദുവ കമ്പനിയുടെ സ്ഥാപകരിലൊരാള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലൊരായ സംഗീത് സോം ആണെന്നതും ശ്രദ്ധേയം.  കര്‍ണാടകയില്‍ ബിജെപി നടത്തുന്ന ഹലാല്‍ വിരുദ്ധ പ്രചാരണത്തില്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ രംഗത്തുവന്നു. തങ്ങളുടെ ആള്‍ക്കാരെ ഹലാല്‍ ഭക്ഷണ വിതരണത്തില്‍ നിന്നും മാറ്റിനിര്‍ത്തിവേണം ഹലാലിനെതിരെ പ്രചാരണം നടത്താനെന്നും ദേശസ്നേഹം കാണിക്കാനെന്നും ബിജെപിയോട് പ്രിയങ്ക് ആവശ്യപ്പെട്ടു.

ഹിജാബ്, മുസ്‌ലിം വ്യാപാരികളുടെ വിലക്ക് എന്നിവയ്ക്ക് പിന്നാലെയാണ് കര്‍ണാടകയില്‍ ഹലാലിനെതിരെ തീവ്രഹിന്ദുത്വ സംഘടനകളും ബിജെപിയും രംഗത്തെത്തിയത്. ബിജെപി ദേശീയ സെക്രട്ടറി സി ടി രവി ഹലാല്‍ ഭക്ഷണത്തെ സാമ്പത്തിക ജിഹാദ് എന്നാണ് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും ഹലാല്‍ വിരുദ്ധ ക്യാമ്പയിന്‍ സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. അടുത്തിടെ ബിജെപി ഭരിക്കുന്ന ഡല്‍ഹി ഈസ്റ്റ്, സൗത്ത് ഉള്‍പ്പെടെ നിരവധി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ മാംസ വ്യാപാരം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് 70 ശതമാനവും മാംസഭക്ഷണ പ്രേമികള്‍

രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഇഷ്ടപ്പെടുന്നത് മാംസ ഭക്ഷണമാണെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 70 ശതമാനം ജനങ്ങളും മാംസഭക്ഷണം കഴിക്കുന്നവരാണ്. തെലങ്കാനയില്‍ 99 ശതമാനം ജനങ്ങളും മാംസഭക്ഷണം കഴിക്കുന്നു. പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലിത് 98 ശതമാനമാണ്. ഒഡിഷ, കേരളം എന്നിവിടങ്ങളില്‍ 97 ശതമാനവും മാംസ ഭക്ഷണം കഴിക്കുന്നു.

തമിഴ്‌നാട് ‑97.8 ശതമാനം, മധ്യപ്രദേശ് 97.7, കര്‍ണാടക- 79.1, ഡല്‍ഹി- 63.2, മഹാരാഷ്ട്ര 59, ഉത്തര്‍പ്രദേശ് 55 ശതമാനം എന്നിങ്ങനെയാണ് ഹലാല്‍ മാംസം കഴിക്കുന്നവരുടെ നിരക്ക്, പ‍ഞ്ചാബ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാംസ ഭക്ഷണം കഴിക്കുന്നവര്‍ 40 ശതമാനത്തില്‍ താഴെയാണ്. ഗുജറാത്തില്‍ 39.9 ശതമാനം പേരും രാജസ്ഥാനില്‍ 26.8 ശതമാനവും മാംസ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്.

Eng­lish Summary:The halal food busi­ness is worth $ 1.3 trillion
You may also like this video

Exit mobile version