മോഹൻലാൽ നായകനായ ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിനെ ഓർമ്മിപ്പിക്കുന്ന കസേര തർക്കം കോഴിക്കോട് ഡി എം ഒ ഓഫിസിൽ തുടരുന്നു. ശ്രീനിവാസനും നന്ദിനിയും തമ്മിലുള്ള താലൂക്ക് ഓഫീസിലെ തർക്കം തഹസില്‍ദാര്‍ കസേരയെ ചൊല്ലി ആയിരുന്നെങ്കിൽ കോഴിക്കോട് തർക്കം രണ്ട് ഡിഎംഒമാർ തമ്മിലാണെന്ന് മാത്രം. ഇന്നും ഒരേ സമയം രണ്ട് പേരാണ് കോഴിക്കോട് ഡിഎംഒ ആയി ഓഫിസിലെ കാബിനിലിരുന്നത്. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും നിലവിലെ ഡിഎംഒ ഡോ. രാജേന്ദ്രനും കൃത്യസമയത്ത് തന്നെ ഓഫീസിലെത്തി കാബിനിലിരുന്നു.
സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡി എം ഒ രണ്ടാം ദിവസവും തയ്യാറായില്ല. സ്ഥലം മാറ്റത്തിൽ കോഴിക്കോട് ഡി എം ഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്ന് സ്ഥാനം ഏറ്റെടുക്കാനാണ് ഡോ. ആശാദേവി ഡി എം ഒ ഓഫീസിൽ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നാണ് കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്റെ നിലപാട്. അതേസമയം, ഡോ രാജേന്ദ്രനോട് സ്ഥലം മാറാൻ ഉടൻ നിർദേശിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ സെക്രട്ടറി തന്നെ രാജേന്ദ്രനുമായി സംസാരിക്കും. ഡിസംബർ 12 ലേ സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ ഇല്ലെന്നും ഡോ. രാജേന്ദ്രനെ കേൾക്കണമെന്ന് മാത്രമാണ് ഉത്തരവെന്നുമാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്.

