Site iconSite icon Janayugom Online

ഹൃദയത്തില്‍ രോമാഞ്ചം സ്വരരാഗഗംഗയായ്

ShajiShaji

പ്രതിബദ്ധത എത്ര കൂടുന്നുവോ അത്രത്തോളം രചന നന്നാകുമെന്ന് എം കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വാക്കുകളെ കീറിമുറിച്ച് പരിശോധിക്കരുത്; വാക്കുകളില്‍ യുക്തിരാഹിത്യം ഉണ്ടായാല്‍പോലും.
പ്രതിബദ്ധതാനിര്‍ഭരമായ രചനകളുടെ പൂക്കാലമാണിപ്പോള്‍ മലയാളത്തില്‍. എം ശിവശങ്കര്‍, സ്വപ്നാ സുരേഷ്, കെ ടി ജലീല്‍ തുടങ്ങിയ സാഹിത്യാവതാരങ്ങളാല്‍ നാം എത്രയോ ധന്യര്‍. ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന് ശിവശങ്കര്‍ പുസ്തകമെഴുതിയപ്പോള്‍ സ്വപ്നാസുരേഷ് ‘ചതിയുടെ പത്മവ്യൂഹം’ എഴുതി തിരിച്ചടിച്ചു. ശിവശങ്കറാണെങ്കില്‍ തന്റെ മഹദ്ഗ്രന്ഥത്തിലൂടെ സ്വയം മഹത്വവല്ക്കരിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വപ്നയെ അറിയില്ലെന്നു പോലും പറഞ്ഞുകളഞ്ഞു. സ്വപ്നയിതാ വെടിപൊട്ടിക്കാന്‍ പോകുന്നുവെന്ന് പ്രചരണമുണ്ടായി. കാശുകൊടുത്ത് പുസ്തകം വാങ്ങിയവര്‍ രവി കിഴക്കേമുറിയുടെയും ഡിസി ബുക്സിന്റെയും കീശ നിറച്ചു. ഒപ്പം സ്വപ്നയുടെ ബാഗും നിറഞ്ഞു. പുസ്തകമിറങ്ങി. ജനം ഉദ്വേഗജനകമായ ചൂടന്‍രംഗങ്ങള്‍ വായിച്ചു. രതിനിര്‍വേദത്തിന്റെ ഉന്മാദരംഗങ്ങള്‍ സ്വപ്നം കണ്ട് സ്വപ്നയുടെ പുസ്തകം വാങ്ങിയവര്‍ക്കു മാനഹാനി, ദ്രവ്യനഷ്ടം.
അടുത്ത പുസ്തകത്തില്‍ ഈ കുറവുകളെല്ലാം തീര്‍ക്കുമെന്നും അണുബോംബ് പൊട്ടിക്കുമെന്നും പ്രലോഭിപ്പിക്കുന്നു സ്വപ്ന. വരാനിരിക്കുന്ന രണ്ടാം ഭാഗത്തെക്കുറിച്ച് ചില വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നുകഴിഞ്ഞു. അതുപ്രകാരമാണെങ്കില്‍ രണ്ടാംഭാഗ പുസ്തകം വഴിയും സഹൃദയര്‍ക്കുണ്ടാകാന്‍ പോകുന്നത് കാശുനഷ്ടം. ആന കൊടുത്താലും ആശ കൊടുക്കരുതേ സ്വപ്നറാണീ എന്ന് അനുവാചകരുടെ ശാപം.


ഇതുകൂടി വായിക്കൂ: നമുക്കു കിട്ടി രാമായണരത്നം സുധാകരന്‍ എഴുത്തച്ഛന്‍!


ഒരു പുസ്തകം ജനം ഖണ്ഡശയായി ഉദ്വേഗത്തോടെ വായിക്കുമ്പോള്‍ അതു പാതിവഴിയില്‍ നിര്‍ത്തിക്കളയുന്ന വാരികക്കാര്‍ എഴുത്തുകാരോട് കാട്ടുന്നത് കൊലച്ചതിയാണ്. എസ് ഹരീഷിന്റെ ‘മീശ’ അങ്ങനെ നിര്‍ത്തിയ പുസ്തകമാണ്. എന്നിട്ടും അകക്കാമ്പുള്ള ആ രചനയ്ക്ക് മലയാളത്തിലെ ഏറ്റവും വലിയ പുരസ്കാരമായ വയലാര്‍ അവാര്‍ഡ് ലഭിച്ചു. പക്ഷെ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ മലയാള പ്രസിദ്ധീകരണമായ ‘സമകാലിക മലയാള’ത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരമ്പര നിര്‍ത്തിയത് അവാര്‍ഡ് കിട്ടുമ്പോള്‍ ലഭിക്കേണ്ട പരാമര്‍ശങ്ങളോടെയാണ്. ബുദ്ധിപരമായ സത്യസന്ധതയില്ലാത്തതാണ് ജലീലിന്റെ എഴുത്തെന്നാണ് പരമ്പര നിര്‍ത്തിക്കൊണ്ടുള്ള അറിയിപ്പില്‍ വാരിക പറയുന്നത്. ജലീല്‍ എഴുത്തുകാരനെന്ന നിലയില്‍ അത്ര ശരിയല്ല എന്ന് മാസികയുടെ കുറിപ്പില്‍ പറയുന്നു. ഒരു എഴുത്തുകാരന് ഹൃദയത്തില്‍ രോമങ്ങള്‍ എഴുന്നുനില്‍ക്കാന്‍ ഇതില്‍പ്പരം എന്തു ബഹുമതി വേണം. ഈ കൃതഹസ്തരാകുന്ന എഴുത്തുകാര്‍ അണിയറയില്‍ നടക്കുന്ന ഒരു ദൃശ്യം കാണാതെ പോകരുത്. അവിടെ ഒരു പെണ്ണ് കഥയെഴുതുകയാണ്. സാക്ഷാല്‍ സരിതാനായര്‍. സരിതയുടെ പുസ്തകം വാങ്മയ ദൃശ്യമായിരിക്കും, അക്ഷരത്തിലൂടെ ഒരു ദൃശ്യബോധം ഉയര്‍ത്തുന്നതാവും. ഇക്കിളികളുടെ മഹാസാഗര വര്‍ണനയായ ആ ഗ്രന്ഥം പുറത്തിറങ്ങിയാല്‍ വാത്സ്യായന അവാര്‍ഡ് റെഡി.


ഇതുകൂടി വായിക്കൂ: വയ്യാവേലിപ്പെട്ടിക്ക് വയസ് ഇരുപത്താറ്!


നല്ല വീട്ടില്‍ അസുരവിത്തുകളും പിറക്കുമെന്നൊരു ചൊല്ലുണ്ട്. ശനിയാഴ്ചയായിരുന്നു മലയാളത്തെയും ലോകത്തെയും ധന്യമാക്കിയ ഒരുപിടി പ്രതിഭകളുടെ ജന്മനാള്‍. കാര്‍ട്ടൂണിസ്റ്റ് കുട്ടി, ബ്രിട്ടീഷ് ചരിത്രകാരന്‍ ആര്‍നോള്‍ഡ് ടോയിന്‍ബി, സാഹിത്യനൊബേല്‍ ജേതാവ് ഡോറിസ് ലസിങ്, പ്രശസ്ത നിരൂപകന്‍ അകവൂര്‍ നാരായണന്‍, വിശ്രുത ഗണിതശാസ്ത്രജ്ഞന്‍ പി കെ മേനോന്‍, മുല്ലനേഴി എന്നിങ്ങനെ നീളുന്നു തൃക്കേട്ട നക്ഷത്രജാതര്‍. ഇവരോടൊപ്പം അമിത്ഷായും തൃക്കേട്ട. അമിത്ഷാ ജനിച്ച നക്ഷത്രമായതിനാല്‍ മറ്റുള്ളവര്‍ക്ക് ഇനി ജാതകവും നക്ഷത്രവും മാറ്റിയെഴുതാനാവുമോ. പക്ഷെ അമിത്ഷായുടെ കളി നടക്കാതെ പോയത് ക്രിക്കറ്റ് ചക്രവര്‍ത്തിയായ സൗരവ് ഗാംഗുലിയോട് മാത്രം.
ബിജെപിയില്‍ ചേര്‍ന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനാക്കാമെന്ന വാഗ്ദാനത്തോട് താനാരു കൂവാ എന്നായിരുന്നു ഗാംഗുലിയുടെ മറുപടി. തൃക്കേട്ട ജാതനുണ്ടോ വിടുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷസ്ഥാനത്തു നിന്ന് ഗാംഗുലി ഔട്ട്. മകന്‍ ജയ്ഷായെ ഓര്‍മ്മയില്ലേ; ശതകോടികളുടെ വെട്ടിപ്പു നടത്തിയ തന്തയ്ക്കൊത്ത മോന്‍. മോനെ ബോര്‍ഡിന്റെ സെക്രട്ടറിയാക്കി. അടുത്തത് അന്താരാഷ്ട്ര ചെയര്‍മാനും. മോന്‍ഷായും തൃക്കേട്ട നക്ഷത്രക്കാരനായിരിക്കുമോ. അതോ മോന്റെ ജാതകം തന്തപ്പടി ഷാ മാറ്റിയെഴുതിയതായിരിക്കുമോ.

Exit mobile version