ഹെലികോപ്ടര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാനെയും കാണാതായി. പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചത്. രണ്ട് പേര്‍ക്കും വേണ്ടി തിരച്ചില്‍ തുടരുകയാണ്. തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ മേഖലയിലാണ് അപകടം. കിഴക്കൻ അസർബൈജാൻ ഗവർണർ മാലെക് റഹ്മതി, കിഴക്കൻ അസർബൈജാനിലെ ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തൊള്ള മുഹമ്മദ് അലി അലെ-ഹാഷിം എന്നിവരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. കടുത്ത മഞ്ഞ് കാരണം ദുരന്തനിവാരണ സംഘങ്ങള്‍ സംഭവ സ്ഥലത്തെത്താന്‍ ഏറെ വൈകി. കാലാവസ്ഥ മോശമായത് രക്ഷാപ്രവര്‍ത്തനവും ദുഷ്കരമാകുന്നു. ഇവിടെ അതിശക്തമായ മഴയും കാറ്റുമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റിന്റെയും വിദേശകാര്യ മന്ത്രിയുടെയും ജീവന്‍ അപകടത്തിലാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലെ മൂന്നു ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാനാണ് ഇന്നലെ രാവിലെ റെയ‍്സി അസര്‍ബൈജാനില്‍ എത്തിയത്. ഇരു രാജ്യങ്ങളും ചേര്‍ന്ന് അറാസ് നദിയില്‍ നിര്‍മ്മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടനത്തിന് ശേഷം തിരിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. ഇറാനിലെ കാലപ്പഴക്കം ചെന്ന ഹെലികോപ്റ്ററുകള്‍ക്ക് യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉപരോധം കാരണം സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
ദാരുണമായ സംഭവത്തെ തുടര്‍ന്ന് ഔദ്യോഗിക ടെലിവിഷനിലെ ദൈനംദിന പരിപാടികള്‍ നിര്‍ത്തിവച്ചു. പ്രസിഡന്റിന് വേണ്ടി രാജ്യത്തെ ജനങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥനയാണ് സംപ്രേഷണം ചെയ്യുന്നത്. സ്ക്രീനിന് താഴെയായി കനത്ത മൂടൽമഞ്ഞിൽ കാൽനടയായി മലയോര മേഖലയിൽ തിരച്ചിൽ നടത്തുന്ന രക്ഷാസംഘത്തിന്റെ തത്സമയ ദൃശ്യങ്ങളും സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതിനപ്പുറം മറ്റ് വിവരങ്ങളൊന്നും രാത്രി വൈകിയും ലഭ്യമായിട്ടില്ല.
63 കാരനായ റെയ്‌സി, മുമ്പ് രാജ്യത്തെ ചീഫ് ജസ്റ്റിസായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിലാണ് റെയ്സി പ്രസിഡന്റ് പദത്തിലേക്കത്തിയത്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് ഭൂരിപക്ഷത്തോടെയാണ് റെയ്സി അധികാരത്തിലേറിയത്. ആയത്തൊള്ള അലി ഖമേനിക്ക് പകരം അടുത്ത ഇറാന്‍ പരമാധികാരിയായി ഇദ്ദേഹം എത്തുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.
English Summary: The helicopter carrying the Iranian president crashed
You may also like this video