കാട്ടാക്കട ഡിപ്പോയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങൾ അന്വേഷിച്ച് ഇന്നു തന്നെ റിപ്പോർട്ട് നൽകാനാണ് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകിയത്. വിഷയം ഇന്നുച്ചയ്ക്ക് വീണ്ടും പരിഗണിക്കും. കടുത്ത വിമർശനമാണ് കെഎസ്ആർടിസിക്കെതിരെ കോടതി ഉയർത്തിയത്. യാത്രക്കാരോട് ജീവനക്കാർ പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവം ഞെട്ടിക്കുന്നതാണ്. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കിൽ കെഎസ്ആർടിസിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.
സെപ്റ്റംബർ 20ന് ആയിരുന്നു സംഭവം. വിദ്യാർത്ഥി കൺസഷൻ തേടിയെത്തിയ പിതാവിനെയും മകളെയും ജീവനക്കാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കാട്ടാക്കട ഡിവൈഎസ്‌പി അനിലിന്റെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.
ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജിക്കെതിരെയും അച്ചടക്ക നടപടിയുണ്ടായേക്കും. സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കി കെഎസ്ആർടിസി എംഡി, ബിജു പ്രഭാകർ സ്റ്റാൻഡിങ് കൗൺസിലിന് റിപ്പോർട്ട് കൈമാറിയിരുന്നു.
English Summary: The High Court has sought a report on the forest trade incident
You may like this video also