Site icon Janayugom Online

ഒന്നിച്ചു ജീവിച്ച ശേഷം ‍ഉന്നയിക്കുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന പുരുഷനും സ്ത്രീയും തമ്മിലുള്ള സ്നേഹബന്ധത്തിൽ ഉലച്ചിലുണ്ടാകുമ്പോൾ ഉയർത്തുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാകില്ലെന്ന് ഹൈക്കോടതി. സഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കൗൺസിൽ കൂടിയായ അഭിഭാഷകൻ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ നാഥിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിർണായക പരാമർശം നടത്തിയത്. നവനീത്, ബന്ധത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതി നൽകിയത്. ജൂൺ 21നായിരുന്നു നവനീതിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് വിവാഹ വാഗ്ദാനം നൽകിയിട്ടാണോ എന്നതാണ് ഇത്തരം കേസുകളിൽ നിർണായകമായി പരിഗണിക്കേണ്ടതെന്നായിരുന്നു ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് പ്രസ്താവിച്ചത്. വിദേശ രാജ്യങ്ങളിലേത് പോലെ ഇപ്പോൾ നമ്മുടെ നാട്ടിലും ലിവ് ഇൻ ബന്ധങ്ങൾ സാധാരണമായിട്ടുണ്ടെന്നുള്ള കാര്യവും കോടതി ഓർമിപ്പിച്ചു.
ലിവ് ഇൻ ബന്ധങ്ങൾ ഏറെ മുന്നോട്ടുപോയതിനു ശേഷമാവും ഇവരിൽ ഒരാൾക്ക് ഇതു തുടരാനാവില്ലെന്നു ബോധ്യപ്പെടുക. ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരാൾക്കെതിരെ ബലാത്സംഗ കുറ്റം നിലനിൽക്കണമെന്നില്ലെന്നും അത് വിശ്വാസ വഞ്ചന മാത്രമാണെന്നും കോടതി വ്യക്തമാക്കി. 

Eng­lish Sum­ma­ry: The High Court said that alle­ga­tions made after liv­ing togeth­er can­not be con­sid­ered as rape

You may like this video also

Exit mobile version