Site iconSite icon Janayugom Online

ഉരുകി ഉത്തരേന്ത്യ; ഡല്‍ഹിയില്‍ 72 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്

കടുത്ത ചൂടില്‍ തളര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. രാഷ്ട്രതലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള മേഖലകള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചൂടിനെയാണ് നേരിടുന്നത്. ഡല്‍ഹിയില്‍ ഞായറാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില 42.4 ഡിഗ്രി സെല്‍ഷ്യസ് ആണ്. സാധാരണയായി ഈ സമയത്ത് രേഖപ്പെടുത്തുന്ന താപനിലയേക്കാള്‍ ഏഴു പോയിന്റ് കൂടുതലാണ്. അതേസമയം 72 വര്‍ഷത്തിനിടയില്‍ ഏപ്രില്‍ ആദ്യ പകുതിയില്‍ രേഖപ്പെടുത്തുന്ന ഉയര്‍ന്ന താപനിലയാണിതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 1941 ഏപ്രില്‍ 29ന് രേഖപ്പെടുത്തിയ 45.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതിനുമുമ്പുള്ള കൂടിയ താപനില. 

മാര്‍ച്ച് അവസാനവാരം മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ ശനിയാഴ്ച 44.5 ഡിഗ്രി സെല്‍ഷ്യസ് താപനില ആണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാള്‍ 10 പോയിന്റ് അധികമാണ്. 1979 ഏപ്രില്‍ 28ലെ 44.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഗുരുഗ്രാമിലെ എക്കാലത്തെയും ഉയര്‍ന്ന താപനില. ഫരീദാബാദില്‍ 45.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 

രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യ പ്രദേശ് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളിലും അത്യുഷ്ണം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മിര്‍, ബാര്‍മര്‍, ജലോര്‍, പാലി, ജോധ്‌പുര്‍, ബിക്കാനീര്‍, നാഗൗര്‍, അജ്മീര്‍, ജയ്‌പുര്‍, ടോങ്ക്, അല്‍വാര്‍, ചുരു ജില്ലകളില്‍ ഉഷ്ണ തരംഗം തീവ്രമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് അല്‍വാറിലാണ്.

ഗുജറാത്തിലെ കച്ച്, ബനാസ്കന്ത, ഗാന്ധിനഗര്‍, അഹമ്മദാബാദ്, പത്താന്‍, പോര്‍ബന്തര്‍, രാജ്കോട്ട്, സുരേന്ദ്രനഗര്‍, അംരേലി എന്നിവിടങ്ങളിലും അത‍്യുഷ്ണം തുടരും. കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകുമ്പോഴും സാധാരണ താപനിലയേക്കാള്‍ 4.5 ഡിഗ്രി അധികം രേഖപ്പെടുത്തുമ്പോഴുമാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്. സാധാരണ താപനിലയേക്കാള്‍ 6.5 ഡിഗ്രി സെല്‍ഷ്യസ് അധിക താപനില രേഖപ്പെടുത്തുമ്പോള്‍ അതിനെ തീവ്ര ഉഷ്ണതരംഗമായും കണക്കാക്കുന്നു.

Eng­lish Summary:The high­est tem­per­a­ture in Del­hi in 72 years
You may also like this video

Exit mobile version