Site iconSite icon Janayugom Online

ഹിന്‍ഡന്‍ബര്‍ഗ് ബോംബ്; അടിതെറ്റി അഡാനി

ഹിന്‍ഡന്‍ബര്‍ഗ് ബോംബില്‍ അഡാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നടിഞ്ഞു. ഓഹരികളില്‍ കൃത്രിമം കാട്ടി മൂല്യമുയര്‍ത്തിയെന്നും കണക്കുകളില്‍ ക്രമക്കേട് നടത്തിയെന്നുമുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് രണ്ട് ദിവസം കൊണ്ട് അഡാനിക്കുണ്ടായ നഷ്ടം നാല് ലക്ഷം കോടിയായി. ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയിൽ ഗൗതം അഡാനി മൂന്നാം സ്ഥാനത്തുനിന്നും ഏഴിലേക്ക് പതിച്ചു.

ബുധനാഴ്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം അഡാനി ഓഹരികള്‍ക്കുണ്ടായിരുന്നു. ഇന്നലെയും ഓഹരി വിറ്റഴിക്കല്‍ ശക്തമായി തുടര്‍ന്നതോടെ വിപണി മൂല്യത്തില്‍ 3.4 ലക്ഷം കോടിയുടെ ഇടിവുണ്ടായി. അഡാനി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിക്കുകയും കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും ലിസ്റ്റഡ് കമ്പനികളെല്ലാം തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ ഓഹരി സൂചികകളിലും ഹിന്‍ഡന്‍ബര്‍ഗ് പ്രതിസന്ധിയായി. ബിഎസ്ഇ, നിഫ്റ്റി സൂചികകള്‍ തകര്‍ച്ച രേഖപ്പെടുത്തി. ദേശീയ രാഷ്ട്രീയത്തിലും റിപ്പോര്‍ട്ട് അലയൊലികള്‍ സൃഷ്ടിക്കുന്നുണ്ട്. 

കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് അഡാനി ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത്. 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നാണ് ആരോപണം. അതേസമയം വിവാദം കത്തിക്കയറുമ്പോഴും കേന്ദ്രം മൗനം തുടരുകയും ചെയ്യുന്നു. 

അഡാനി എന്റര്‍പ്രൈസസ് 19.5, അഡാനി പോര്‍ട്സ് 19, അഡാനി ട്രാന്‍സ്മിഷന്‍, അഡാനി ടോട്ടല്‍ ഗ്യാസ് 20, എസിസി 4.99 ശതമാനം വീതമാണ് നഷ്ടം രേഖപ്പെടുത്തിയത്. അഡാനി പുതിയതായി ഏറ്റെടുത്ത അംബുജ സിമെന്റ് 17.12 ശതമാനം നഷ്ടമാണ് നേരിട്ടത്. ഏറ്റവുമധികം നഷ്ടം നേരിട്ട അംബുജ സിമെന്റിന് ഒരു ട്രേഡിങ് സെഷനില്‍ ഓഹരി മൂല്യത്തില്‍ 25 ശതമാനത്തോളം നഷ്ടമുണ്ടായി. അഡാനി പവര്‍, അഡാനി വില്‍മര്‍ എന്നിവ അഞ്ച് ശതമാനം, എന്‍ഡിടിവി 4.99 ശതമാനം എന്നിങ്ങനെയും നഷ്ടം നേരിട്ടു. അഡാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിനും(എഫ്‌പിഒ) റിപ്പോര്‍ട്ട് തിരിച്ചടിയായി.
ഫോബ്‌സ് റിയല്‍ ടൈം ബില്യണയര്‍ പട്ടികയനുസരിച്ച് ഇന്നലെ അഡാനിയുടെ ആസ്തിയില്‍ 22.5 മുതല്‍ 96.8 ബില്യണ്‍ ഡോളര്‍ വരെ കുറവുണ്ടായി. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അഡാനി 2022ല്‍ ലോക സമ്പന്നരില്‍ രണ്ടാമത് എത്തിയിരുന്നു.

നിയമനടപടിയെന്ന് അഡാനി ഗ്രൂപ്പ്; ആരോപണത്തിലുറച്ച് ഹിന്‍ഡന്‍ബര്‍ഗ്

റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന അഡാനി ഗ്രൂപ്പിന്റെ ഭീഷണിയെ നേരിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്. ഓഹരിമൂല്യത്തില്‍ കൃത്രിമത്വം നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അഡാനി ഗ്രൂപ്പിന് പരാതി ഫയല്‍ നല്‍കാമെന്നും ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചു.
രണ്ട് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. തങ്ങളുന്നയിച്ച 88 ചോദ്യങ്ങളില്‍ ഒന്നിന് പോലും അഡാനി ഗ്രൂപ്പ് മറുപടി നല്‍കിയിട്ടില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു. കേസ് നല്‍കിയാല്‍ അഡാനി ഗ്രൂപ്പില്‍ നിന്ന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുമെന്നും സ്ഥാപനം അറിയിച്ചിട്ടുണ്ട്.

സെബി അന്വേഷണം

അഡാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസര്‍ച്ചിന്റെ കണ്ടെത്തലുകളിൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേ‌ഞ്ച് ബോർഡ് ഓഫ് ഇന്ത്യയും പരിശോധന നടത്തും. അഡാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപകരെ കുറിച്ച് സെബിയുടെ പരിശോധന നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളും പരിശോധിക്കുക.
കോർപറേറ്റ് കമ്പനികളിലെ തെറ്റുകൾ കണ്ടെത്തുന്നതിൽ മികച്ച റെക്കോഡാണ് അമേരിക്കൻ ആക്ടിവിസ്റ്റ് ഫണ്ടായ ഹിൻഡൻബർഗിനുള്ളത്.
നഥാൻ ആൻഡേഴ്‌സന്റെ നേതൃത്വത്തില്‍ 2017ലാണ് ഹിൻഡൻബർഗ് സ്ഥാപിതമായത്. 2020ല്‍ യുഎസ് ഇവി സ്റ്റാര്‍ട്ടപ്പ് നിക്കോള കോര്‍പറേഷനെതിരെ ഹിന്‍ഡന്‍ബര്‍ഗ് സമാനമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് നിക്കോള സ്ഥാപകന്‍ ട്രെവര്‍ മില്‍ട്ടണ് ചെയര്‍മാന്‍ സ്ഥാനവും ബോര്‍ഡ് മെമ്പര്‍ സ്ഥാനവും നഷ്ടമായിരുന്നു. 

Eng­lish Sum­ma­ry: The Hin­den­burg; Adani gets set back

You may like this video also

Exit mobile version