Site iconSite icon Janayugom Online

കർഷക ക്ഷേമത്തിലെ പൊള്ളത്തരം

അഞ്ചു വർഷംകൊണ്ട് കർഷകരുടെ പ്രതിശീർഷ വരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം ഉണ്ടായത് 2016–17 വർഷത്തെ ബജറ്റിലാണ്. തുടർന്നിങ്ങോട്ട് എപ്പോഴും കേന്ദ്ര സർക്കാർ ഇതാവർത്തിച്ചുകൊണ്ടേയിരുന്നു. രാജ്യത്തെ കർഷകരെയും സാധാരണക്കാരെയും ഇത്രയേറെ സ്വാധീനിച്ച മറ്റൊരു പ്രഖ്യാപനവും നരേന്ദ്രമോഡി സർക്കാരിൽ നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. ‘കുറ്റിയടിച്ച്, കയർകൊണ്ടു ബന്ധിപ്പിക്കപ്പെട്ട്, വട്ടത്തിൽമാത്രം കറങ്ങുവാൻ കഴിയുന്ന, ഒരു കാളയുടെ സഞ്ചാരം പോലെയാണ് രാജ്യത്തെ കാർഷിക മേഖലയുടെ പ്രയാണം. മുന്നോട്ടാണ് യാത്രയെന്നത് വെറും വിശ്വാസം മാത്രമാണ്. ഈ പരിമിതിയിൽ നിന്നും കർഷകരെ മോചിപ്പിക്കുകയെന്ന മഹത്തായ ഉത്തരവാദിത്തമാണ് തന്റെ സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. കർഷകർക്ക് ആവേശം പകർന്ന പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ അന്തരീക്ഷത്തിൽ ഇപ്പോഴുമുണ്ട്. എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് അഞ്ച് വർഷം കഴിയുമ്പോൾ, സ്വതന്ത്രമായൊന്നു ചുറ്റിത്തിരിയുവാൻപോലും കഴിയാത്ത വിഷമവൃത്തത്തിൽ അകപ്പെട്ടിരിക്കുകയാണ് നമ്മുടെ കർഷകരും കാർഷികമേഖലയും. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിലാണ് കർഷക വരുമാനം കണക്കുകൂട്ടുന്നത്. 2014 ലെ സർവേയെ അടിസ്ഥാനപ്പെടുത്തി, 2015–16 വർഷത്തിൽ, രാജ്യത്തെ കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനമായി കണക്കാക്കിയിട്ടുള്ളത് 8,059 രൂപയായിരുന്നു. 2018–19 വർഷം നടത്തിയ സർവേ പ്രകാരം, ഇത് 10,218 രൂപയിൽ എത്തിയതായാണ് കണക്ക്. നാലുവർഷം കൊണ്ട് 27ശതമാനം വളർച്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാലയളവില്‍ കേരളത്തിലെ വരുമാന വർധനവ് 38 ശതമാനമാണ്. എന്നാൽ സർവേ കണക്കുകൾ പ്രകാരം, നിരവധി സംസ്ഥാനങ്ങളിൽ, കർഷകരുടെ പ്രതിമാസ കുടുംബ വരുമാനം നാലുവർഷംകൊണ്ട് കുത്തനെ ഇടിയുകയാണ് ചെയ്തിട്ടുള്ളത്. ഝാർഖണ്ഡ് സംസ്ഥാനത്ത് പ്രതിമാസ കർഷക വരുമാനം 7,068 രൂപയിൽ നിന്നും 4,895 രൂപയായി കുറഞ്ഞു. ഏതാണ്ട് 30 ശതമാനത്തിന്റെ കുറവാണ് നാലു വർഷംകൊണ്ട് ഝാർഖണ്ഡിൽ ഉണ്ടായിട്ടുള്ളത്. മധ്യപ്രദേശിൽ ഇത് 9,740 രൂപയിൽ നിന്നും 8,339 രൂപയായും നാഗാലാൻഡിൽ 11,428 രൂപയിൽ നിന്നും 9,877 രൂപയായും ഒഡിഷയിൽ 5,274 രൂപയിൽ നിന്നും 5,112 രൂപയായും കുറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയായി വർധിപ്പിക്കുന്നതിനുവേണ്ട കർമ്മപരിപാടികൾ നിർദേശിക്കുന്നതിനു നിയുക്തമായത്, അശോക് ദൽവായിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയായിരുന്നു.


ഇതുകൂടി വായിക്കാം; അമൃതകാല യാത്രയും അവഗണിക്കപ്പെടുന്ന കർഷകരും


അഞ്ച് വർഷംകൊണ്ട് പ്രതിമാസ കുടുംബ വരുമാനത്തിൽ പണപ്പെരുപ്പം കൂടി കണക്കിലെടുത്തുള്ള 100 ശതമാനം വർധനവാണ് ഈ കമ്മിറ്റി വിഭാവനം ചെയ്തിരുന്നത്. ഇതുപ്രകാരം, 2015–16 ലെ പ്രതിമാസ കുടുംബ വരുമാനത്തിന്റെ യഥാർത്ഥ മൂല്യം ഇരട്ടിയാകണമെങ്കിൽ അത് 2022 ൽ 21,146 രൂപയായി ഉയരണം. എന്നാൽ 2022 വർഷത്തെ പ്രതിമാസ കുടുംബ വരുമാനമായി കണക്കാക്കപ്പെടുന്നത് 12,445 രൂപ മാത്രമാണ്. കേന്ദ്ര സർക്കാരിന്റെ കർഷക വരുമാനം ഇരട്ടിപ്പിക്കൽ പ്രഖ്യാപനവും യാഥാർത്ഥ്യവുമായുള്ള അകലം ഇതിൽ നിന്നും വ്യക്തമാണ്. കൃഷി, മൃഗ സംരക്ഷണം, ഭക്ഷ്യ സംസ്കരണം വകുപ്പുകൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി, കഴിഞ്ഞ മാർച്ച് 24 ന് പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ, കർഷക വരുമാനം ഇരട്ടിപ്പിക്കൽ പ്രഖ്യാപനം ലക്ഷ്യംകാണാതെ പോയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള ബിജെപി അംഗമായ പി സി ഗഡി ഗൗഡറാണ് കമ്മിറ്റി ചെയർമാൻ. കർഷകക്ഷേമവും കർഷക വരുമാനം ഇരട്ടിപ്പിക്കലും സർക്കാരിന്റെ മുഖ്യ പരിഗണനയായി നിൽക്കുമ്പോൾ, നിരവധി സംസ്ഥാനങ്ങളിൽ കർഷകവരുമാനം കുറഞ്ഞു വരുന്നതിന്റെ കാരണം എന്താണെന്നുപോലും പരിശോധിക്കാതെ, കേന്ദ്ര കൃഷിമന്ത്രാലയം വെറും കാഴ്ചക്കാരനെപ്പോലെ മാറിനിൽക്കുകയാണെന്ന ഗുരുതര വിമർശനമാണ് പാർലമെന്ററി സമിതി ഉന്നയിച്ചിട്ടുള്ളത്. ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിനും പരിഹാര മാർഗങ്ങൾ ശുപാർശ ചെയ്യുന്നതിനും ഒരു വിദഗ്ധ സമിതിയെ അടിയന്തരമായി നിയോഗിക്കണമെന്ന് കമ്മിറ്റി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരിക്കുകയാണ്. കർഷക വരുമാനം കുറയുന്നതും കാർഷിക മേഖലയിൽ ശരാശരി വളർച്ചാനിരക്കുപോലും കൈവരിക്കാൻ കഴിയാത്തതും എന്തുകൊണ്ടാണെന്നു മനസിലാക്കുവാൻ ഒരു വിദഗ്ധ സമിതിയുടെയും പഠനം ആവശ്യമില്ലെന്നുള്ളതാണ് സത്യം. അശോക് ദൽവായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ കമ്മറ്റി, കർഷക വരുമാന വർധനവ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ അടങ്ങിയ സമഗ്രമായ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ളതാണ്. കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം, അഞ്ചു വർഷംകൊണ്ട് ഇരട്ടി വരുമാന വർധനവ് എന്ന ലക്ഷ്യം നേടാൻ പ്രതിവർഷം കുറഞ്ഞത് 10 ശതമാനം വളർച്ചയെങ്കിലും കാർഷികമേഖല കൈവരിക്കണമായിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ സാമ്പത്തിക സർവേ പ്രകാരം, 2020–21 ലെ കാർഷിക വളർച്ചാ നിരക്ക് വെറും 3.6 ശതമാനമാണ്. 2021–22 വർഷത്തെ പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്കും 3.9 ശതമാനം മാത്രമാണ്. ഇപ്പോൾ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്, 2019–20 മുതല്‍ തുടർച്ചയായുള്ള വർഷങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മൊത്തം ബജറ്റിൽ കാർഷിക മേഖലയ്ക്ക് നീക്കിവച്ച ആനുപാതിക തുകയിൽ കുറവുണ്ടായിട്ടുണ്ട് എന്നുള്ളതാണ്. 2019–20 ൽ 4.68 ശതമാനമായിരുന്ന കാർഷികമേഖലയുടെ ബജറ്റ് വിഹിതം, 2020–21 ൽ 4.41 ശതമാനമായും 2021–22 വർഷം 3.53 ശതമാനമായും കുറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ അത് വീണ്ടും 3.14 ശതമാനമായി കുറഞ്ഞിട്ടുണ്ട്.


ഇതുകൂടി വായിക്കാം; കാർഷിക നിയമങ്ങൾ പിൻവലിക്കുമ്പോൾ


രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന കാർഷികമേഖലയ്ക്ക് അർഹമായ സാമ്പത്തിക വിഹിതം ഉറപ്പുവരുത്തുന്നതിൽ കേന്ദ്ര കൃഷിമന്ത്രാലയത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് വിലയിരുത്തിയ പാർലമെന്ററി സമിതി, വരും വർഷങ്ങളിൽ ഇത് പരിഹരിക്കുന്നതിന് കൃത്യമായ ഇടപെടൽ വേണമെന്നും നിർദേശിക്കുന്നു. കാർഷികമേഖലയ്ക്കുള്ള ബജറ്റ് വിഹിതം കുറയുന്നുവെന്നു മാത്രമല്ല, അനുവദിക്കപ്പെട്ട വിഹിതം യഥാസമയം ചെലവഴിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുള്ളതായി പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടുന്നു. ഏതാണ്ട് 67,929.10 കോടി രൂപയാണ് കഴിഞ്ഞ മൂന്നു വർഷങ്ങളിലായി കൃഷിമന്ത്രാലയം ചെലവഴിക്കാതെ തിരിച്ചടച്ചത്. 2019–20 ൽ 34,517.70 കോടിയും 2020–21 ൽ 23,824.54 കോടിയും 2021–22 ൽ 9,586.86 കോടി രൂപയുമാണ് ഇത്തരത്തിൽ തിരിച്ചടച്ചിട്ടുള്ളത്. രാജ്യത്തെ കർഷകരും കാർഷിക മേഖലയും വലിയ പ്രതിസന്ധി നേരിടുന്ന ഒരു കാലത്ത്, കർഷകരുടെ ക്ഷേമത്തിനായി മാറ്റിവയ്ക്കപ്പെടുന്ന നാമമാത്രമായ പണം പോലും യഥാസമയം അവർക്കായി വിനിയോഗിക്കുവാൻ കഴിയാത്തത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണെന്ന് സമിതി വിലയിരുത്തി. അപ്രായോഗികവും കർഷകർക്കു ഗുണകരവുമല്ലാത്ത പദ്ധതികളാണ്, പൂർണമായ ഫണ്ട് വിനിയോഗത്തിന് തടസമാകുന്നത്. അത്തരം അപാകതകൾ പരിഹരിച്ച്, കർഷകർക്ക് പ്രയോജനകരമായ വിധത്തിൽ പദ്ധതികൾ നടപ്പിലാക്കുകയാണ് കേന്ദ്ര കൃഷി മന്ത്രാലയം ചെയ്യേണ്ടത്. നിലനില്പിനായി പാടുപെടുന്ന കർഷകരെ സംബന്ധിച്ചിടത്തോളം, ഉല്പാദന ചെലവ് കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന രാസവളം സബ്സിഡിയും ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുന്ന താങ്ങുവില പദ്ധതിയും പരമ പ്രധാനമാണ്. എന്നാൽ ഈ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ചുകൊണ്ട് 2022–23 വർഷത്തെ പുതിയ ബജറ്റ് നല്കുന്ന സന്ദേശം കർഷകർക്ക് ആശങ്ക ഉണർത്തുന്നതാണ്. കർഷക വരുമാനം ഉറപ്പാക്കല്‍ പദ്ധതി (പിഎം ആഷ), വിപണി ഇടപെടൽ പദ്ധതി, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട്, തുടങ്ങി മറ്റു നിരവധി പദ്ധതികൾക്കുള്ള വിഹിതവും വലിയതോതിൽ ഈ വർഷം വെട്ടിക്കുറച്ചിരിക്കുകയാണ്. നാലുവർഷം മുൻപ് തുടങ്ങിയ പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം ഹെക്ടറിന് 6,000 രൂപയിൽ നിന്നും 10,000 രൂപയായി വർധിപ്പിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുമുണ്ടായില്ല. വിലക്കയറ്റവും പണപ്പെരുപ്പവും മൂലം, രാജ്യമെങ്ങും കർഷകരുടെ വരുമാനത്തിൽ വലിയ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വർധിച്ചുവരുന്ന ഗ്രാമീണ സാമ്പത്തിക പ്രതിസന്ധിയുടെ ഇക്കാലത്ത്, കർഷകരുടെ വരുമാന വർധനവിന് സഹായകമായ പദ്ധതികൾക്ക് മുന്തിയ പരിഗണന തന്നെ വേണം. ആവശ്യത്തിന് ഫണ്ട് വകയിരുത്താതെയും വകയിരുത്തുന്ന ഫണ്ട് പൂർണമായി വിനിയോഗിക്കാതെയും കാർഷിക മേഖലയിൽ മുന്നേറ്റവും കർഷക വരുമാനത്തിൽ വർധനവും സാധ്യമാകില്ല. ഇവിടെയാണ് കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്കരണം വകുപ്പുകൾക്കായുള്ള പാർലമെന്ററി സമിതിയുടെ കണ്ടെത്തലുകളുടെയും നിർദേശങ്ങളുടെയും പ്രസക്തി.

Exit mobile version