Site iconSite icon Janayugom Online

പൊളിക്കാന്‍ മനസ് വന്നില്ല; റോഡിനോട് ചേര്‍ന്നുള്ള വീട് പിറകോട്ട് എടുത്തുമാറ്റി!

househouse

ഇഷ്ടപ്പെട്ട് വാങ്ങിയ വീട് പൊളിച്ചു മാറ്റാൻ മനസ്സ് വരാതിരുന്നതിനെ തുടർന്ന് വിദഗ്ദരുടെ സഹായത്തോടെ 45 അടിയോളം പിറകോട്ട് മാറ്റി സ്ഥാപിച്ച് കുടുംബം. മാവേലിക്കര പല്ലാരിമംഗലത്തിനു സമീപമാണു 1100 ചതുരശ്രയടി വിസ്തീർണമുള്ള വീട് ഉടമസ്ഥന്റെ ആഗ്രഹ പ്രകാരം ഒരു പോറൽ പോലുമേൽക്കാതെ പിറകോട്ട് മാറ്റി സ്ഥാപിച്ചത്. എൽഐസിയിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ച മാവേലിക്കര പൊന്നാരംതോട്ടം സ്വദേശി രാമചന്ദ്രൻ നായരുടെ വീടാണ് മറ്റൊരിടത്തേക്ക് മാറ്റിവെച്ചത്.

രാമചന്ദ്രൻ നായർ നാല് വർഷം മുൻപാണ് പല്ലാരി മംഗലത്ത് 26 സെന്റ് സ്ഥലവും വീടും ഉൾപ്പടെ വാങ്ങിയത്. പുറകിൽ ഏറെ സ്ഥലം ഉണ്ടായിരുന്നെങ്കിലും വീട് റോഡിനോട് ചേർന്ന് നിൽക്കുന്നതിനാൽ ഏറെ അസൗകര്യം ഉണ്ടായി. വീട് പൊളിച്ചു പുതിയത് നിർമിച്ചാലോ എന്നാലോചിച്ചു. ചെലവ് ഏറെയായതിനാൽ കെട്ടിടം പിന്നിലേക്കു നീക്കാം എന്നായി തീരുമാനം. ഇതിനായി വിദഗ്ധ ടീമിനെ കുറിച്ചായി അന്വേഷണം. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ മുംബൈയിലെ കുരുക്ഷേത്ര ശ്രീറാം ടീമിനെ കണ്ടെത്തി. മൂന്നു നില കെട്ടിടം ഉയർത്തി മാറ്റി പുതിയ സ്ഥലത്തു സ്ഥാപിച്ച അനുഭവ സമ്പത്തുള്ള കമ്പനിയാണിത്. ആറ് തൊഴിലാളികളുടെ 45 ദിവസം നീണ്ട അധ്വാനത്തിലൂടെയാണ് ഇത് സാധിച്ചത്. മൊത്തം 8 ലക്ഷം രൂപ ചെലവായി.

കെട്ടിടം ഉയർത്തിയതിനൊപ്പം പുതിയ സ്ഥലത്തു ബേസ്മെന്റ് നിർമാണവും നടത്തിയതിനാൽ വേഗം തന്നെ കെട്ടിടം മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞു. ചതുരശ്രയടി വിസ്തീർണമുള്ള വീട് 45 അടിയോളം പുറകോട്ടും അഞ്ചടിയോളം വശത്തേക്കും മാറ്റി സ്ഥാപിച്ചു. നിലവിൽ ഉണ്ടായിരുന്ന കെട്ടിടത്തിലെ കാർ പോർച്ച് മാത്രമാണു സ്ഥാനമാറ്റം വരുത്താതെ പൊളിച്ചു നീക്കിയത്. 

Eng­lish Sum­ma­ry: The house next to the road was tak­en back!

You may also like this video

Exit mobile version