Site iconSite icon Janayugom Online

ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രം വലിയ ഭീഷണി; വെല്ലുവിളി രാഷ്‌ട്രീയബോധ്യത്തോടെ ഏറ്റെടുത്തേ മതിയാകൂ: പിണറായി വിജയൻ

മഹാത്മഗാന്ധിയെ കൊല ചെയ്‌ത അതേ വർഗീയ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന തരത്തിൽ എല്ലാത്തരം മതവർഗീയവാദങ്ങളും ശക്തി പ്രാപിക്കുന്ന സ്ഥിതിയും ഉടലെടുത്തിരിക്കുന്നു.
മനുഷ്യന്റെ ഏറ്റവും വലിയ കരുത്ത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയിൽ അധിഷ്ഠിതമായ സ്നേഹമാണെന്ന് കരുതിയ, ലോകം ആദരിക്കുന്ന മഹാത്‌മാഗാന്ധിയുടെ ചരമ ദിനത്തിൽ വർഗീയവാദികൾ ആഹ്ലാദം പങ്കുവയ്ക്കുന്ന കാഴ്‌ചകൾ വരെ നമുക്ക് കാണേണ്ടി വരുന്നു. ഇത്‌ സമൂഹമെന്ന നിലയ്ക്ക് ഇന്ത്യക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. 

ആ വെല്ലുവിളി ഏറ്റവും ഉറച്ച രാഷ്‌ട്രീയബോധ്യത്തോടെ നമ്മൾ ഏറ്റെടുത്തേ മതിയാകൂ. മഹാത്മഗാന്ധിയുടെ രക്തസാക്ഷി സ്മരണ അതിനു പ്രചോദനവും കരുത്തുമായി മാറണമെന്നും ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഇന്ന് വർഗീയ ഭീകരവാദത്തിന്റെ വെടിയേറ്റ് മഹാത്‌മാ ഗാന്ധി കൊല്ലപ്പെട്ട ദിനം. വർഗീയകലാപങ്ങൾക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ സമാധാനത്തിന്റേയും മാനവികതയുടേയും പ്രതിരോധമുയർത്തിയതിനു ഗാന്ധിയ്ക്കു നൽകേണ്ടി വന്ന വില സ്വന്തം ജീവനാണ്. അഗാധമായ ആ മനുഷ്യസ്നേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ഈ രക്തസാക്ഷി ദിനത്തിൽ നമ്മുടെ ഹൃദയങ്ങളിൽ തുടിക്കേണ്ടത്. ഗാന്ധിജിയുടെ ഓർമ്മകൾ എന്നത്തേക്കാളും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്നു കടന്നു പോകുന്നത്

മഹാത്മഗാന്ധിയെ കൊല ചെയ്ത അതേ വർഗീയ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന തരത്തിൽ എല്ലാത്തരം മതവർഗീയവാദങ്ങളും ശക്തി പ്രാപിക്കുന്ന സ്ഥിതിയും ഉടലെടുത്തിരിക്കുന്നു. നിരപരാധികളായ മനുഷ്യരാണ് ഇരകളാകുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ കരുത്ത് എല്ലാ വൈജാത്യങ്ങൾക്കും അതീതമായ മാനവികതയിൽ അധിഷ്ഠിതമായ സ്നേഹമാണെന്ന് കരുതിയ, ലോകം ആദരിക്കുന്ന മഹാത്‌മാഗാന്ധിയുടെ ചരമ ദിനത്തിൽ വർഗീയവാദികൾ ആഹ്ലാദം പങ്കു വയ്ക്കുന്ന കാഴ്ചകൾ വരെ നമുക്ക് കാണേണ്ടി വരുന്നു.
ഇതൊരു സമൂഹമെന്ന നിലയ്ക്ക് ഇന്ത്യക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. 

ആ വെല്ലുവിളി ഏറ്റവും ഉറച്ച രാഷ്ട്രീയബോധ്യത്തോടെ നമ്മൾ ഏറ്റെടുത്തേ മതിയാകൂ. നൂറ്റാണ്ടുകളോളം സാമ്രാജ്യത്വത്തിനു കീഴിൽ അടിമതുല്യമായി ജീവിച്ച ഒരു ജനതയെ ദേശീയപ്രസ്ഥാനത്തിനൊപ്പം ഒറ്റക്കെട്ടായി അണിനിരത്തിയ, സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനു നേതൃത്വം നൽകിയ മഹാത്‌മാഗാന്ധിയുടെ രക്തസാക്ഷി സ്‌മരണ അതിനു പ്രചോദനവും കരുത്തുമായി മാറണം. ദേശീയപ്രസ്ഥാനത്തെ വിഭജിച്ച് തളർത്താനുള്ള വർഗീയവാദികളുടെ ശ്രമം വിജയിച്ചിരുന്നെങ്കിൽ ഇന്ത്യ സ്വതന്ത്രമാകാൻ പിന്നെയും കാലമെടുത്തേനെ എന്നത് നമ്മളോർക്കണം. അതുകൊണ്ട്, നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ചു പോരാടുമെന്ന് പ്രതിജ്ഞ ചെയ്യാം. മഹാത്‌മാഗാന്ധിയുടെ സ്‌മരണകൾക്ക് മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കാം.

Eng­lish Sumam­ry: The ide­ol­o­gy that killed Gand­hi is a big threat; The chal­lenge must be tak­en with polit­i­cal con­vic­tion: Pinarayi Vijayan
You may also like this video:

Exit mobile version