Site iconSite icon Janayugom Online

ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവം; ലൈംഗികാതിക്രമ കേസ് പൊന്‍കുന്നം പൊലീസിന് കൈമാറി

ആർഎസ്എസ് ശാഖയിൽ വെച്ച് ചെറുപ്രായത്തിൽ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന വെളിപ്പെടുത്തി അനന്തു അജി എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, ലൈംഗികാതിക്രമ കേസ് പൊൻകുന്നം പൊലീസിന് കൈമാറി. തിരുവനന്തപുരത്ത് വെച്ച്, ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അനന്തു അജി ചിത്രീകരിച്ച വീഡിയോയിൽ നിധീഷ് മുരളി എന്ന വ്യക്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസ് ആദ്യം കേസെടുത്തിരുന്നു.

എന്നാൽ, നിധീഷ് മുരളിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. എങ്കിലും, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനക്കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് കേസ് തുടർ അന്വേഷണത്തിനായി പൊൻകുന്നം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ലൈംഗികാതിക്രമം നടന്നതായി പറയപ്പെടുന്ന സ്ഥലം പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് ഈ നടപടി. അനന്തു അജിയുടെ വീഡിയോയിലെ വെളിപ്പെടുത്തലുകളാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ചെറുപ്പത്തിൽ ലൈംഗികാതിക്രമം ഉണ്ടായി എന്ന പരാതി വിശദമായി പരിശോധിക്കും. അനന്തുവിന്റെ മാനസിക ആരോഗ്യനിലയെക്കുറിച്ച് അറിയുന്നതിനായി, അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Exit mobile version