യുഎസിലെ മിനിയാപൊളിസിൽ ബോർഡർ പട്രോളിങ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അലെക്സ് ജെഫ്രി പ്രെറ്റി എന്നയാൾ കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസിൽ പ്രതിഷേധം. കേന്ദ്ര ഇമിഗ്രേഷൻ സേനയെ മിനിയാപൊളിസിൽ നിന്ന് ഉടൻ പിൻവലിക്കണമെന്ന് ഗവർണർ റ്റിം വാൾസ് ആവശ്യപ്പെട്ടു. ഗവർണറുടെ ഉത്തരവിനു പിറകേ നിരവധിപ്പേരാണ് സേനയെ പിൻവലിക്കണമെന്ന ആവശ്യവുമായി യുഎസിലെ തെരുവുകളിലിറങ്ങിയത്. കുടിയേറ്റക്കാർക്കെതിരായ ഇമിഗ്രേഷൻ നടപടിക്കെതിരായ പ്രതിഷേധത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ യുഎസ് സ്വദേശിയാണ് അലെക്സ് ജെഫ്രി.
ജനുവരി 24 നാണ് മിനിയാപൊളിസിൽ കുടിയേറ്റ വിരുദ്ധ നടപടിക്കെതിരായ പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെടുന്നത്. 37 കാരനായ അലെക്സ് ജെഫ്രി പ്രെറ്റി എന്ന ഐസിയു നഴ്സാണ് ബോർഡർ പട്രോൾ ഏജന്‍റുമാരുടെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അനധികൃത കുടിയാറ്റക്കാരെ കണ്ടെത്താനായി ഐസ് ഏജന്‍റുമാരടെ നടപടിക്കെതിരെ പ്രതിഷേധിച്ച അലെക്സിന് നിരവധി തവണ വെടിയേറ്റിരുന്നു. അലെക്സ് ആയുധം കൈവശം വച്ചിരുന്നതായും ആയുധം ഉപേക്ഷിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയെന്നും പ്രതിരോധ നടപടിയുടെ ഭാഗമായി വെടിവെച്ചെന്നുമാണ് ഔദ്യോഗിക വിശദീകരണം നല്‍കിയത്.

