Site iconSite icon Janayugom Online

സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

StudentStudent

സ്കൂൾ ബസിന്റെ എമർജൻസി ഡോർ വഴി വിദ്യാർത്ഥിനി തെറിച്ചുവീഴാൻ ഇടയായ സംഭവത്തിൽ സ്കൂൾ ബസിന്റെ ഡ്രൈവർ അറസ്റ്റിൽ.
പേങ്ങാട്ടുശേരി അൽഹിന്ദ് പബ്ലിക് സ്കൂൾ ഡ്രൈവർ നാലാം മൈൽ പാറേക്കാട്ടിൽ വീട്ടിൽ അനീഷ് (46) നെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് പേങ്ങാട്ടുശേരി ജങ്ഷനിൽ വച്ചായിരുന്നു സംഭവം. സ്കൂൾ ബസിന്റെ എമർജൻസി ഡോർ ശരിയായ വിധത്തിൽ ഉറപ്പിക്കാത്തതുമൂലം കുട്ടി റോഡിൽ തെറിച്ച് വീഴുകയായിരുന്നു.
എൽകെജി വിദ്യാർത്ഥിനി, ചുണങ്ങംവേലി ആശാരിക്കുടി വീട്ടിൽ എ എം യൂസഫിന്റെ മകൾ ഹൈസ ഫാത്തിമയാണ് ബസിലെ എമർജൻസി വാതിലിലൂടെ പുറത്തേക്ക് വീണത്.
പിറകെ വന്ന ബസ് പെട്ടെന്നു നിർത്തിയതിനാൽ അപകടമൊഴിവാകുകയായിരുന്നു. എന്നാൽ, ബസിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിക്കാൻ സ്കൂൾ അധികൃതരോ ബസ് ജീവനക്കാരോ തയാറായില്ല. ഇതുസംബന്ധമായി വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ എടത്തല പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ ശേഷം കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയുടെ ദേഹത്ത് ചതവുകളുണ്ടായിട്ടുണ്ട്. ഭയപ്പെട്ട കുട്ടിയെ ആശ്വസിപ്പിക്കാനും ബസ് ജീവനക്കാർ തയാറായില്ലെന്നും ആരോപണമുണ്ട്.
എമര്‍ജൻസി ഡോർ അബദ്ധത്തിൽ തുറക്കുന്നത് തടയുന്ന സംവിധാനമായ സുരക്ഷാ ഗ്ലാസ് ഷീൽഡ് നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആലുവ ജോയിന്റ് ആർടിഒയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 

Eng­lish Sum­ma­ry: The inci­dent in which the stu­dent fell from the school bus: the dri­ver was arrested

You may like this video also

Exit mobile version