Site iconSite icon Janayugom Online

യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവം: കൊലപാതകമെന്ന് പൊലിസ്

നെടുവന്നൂർകടവിൽ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവാവിന്റേത് അസ്വാഭാവിക മരണം അല്ലെന്നും കൊലപതകമാണെന്നും പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് നെടുവന്നൂർകടവ് പാലത്തിനു കീഴ് ഭാഗത്ത് വെള്ളത്തിൽ വീണു നിലമേൽ സ്വദേശി മുജീബ് മരിക്കുന്നത്. മൂന്നുമണിയോടെ കണ്ടെത്തിയ മൃതദേഹം മേൽനടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പരിശോധിച്ചപ്പോൾ ശരീരഭാഗത്ത് കണ്ട ചില മുറിവുകൾ പൊലീസിന് സംശയത്തിനിടയാക്കി. കൂടാതെ ബന്ധുക്കളും നാട്ടുകാരിൽ ചിലരും മരണത്തിൽ ദുരൂഹത ആരോപിക്കുകകൂടി ചെയ്തതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ സംശയം ബലപ്പെടുന്ന രീതിയിൽ മുജീബിന്റെ മുഖത്തും കഴുത്തിലും ഉൾപ്പടെയുള്ള മുറിവുകൾ വെള്ളത്തിൽ വീണുണ്ടായതല്ല എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരം കൂടി ലഭിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന നിരവധിപേരെ ചോദ്യം ചെയ്ത പൊലീസ് നാലുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 

ഇവരെ ചോദ്യം ചെയ്തതോടെയാണ് മുജീബിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തുപ്പുഴ ഇഎസ്എം കോളനി പൂമ്പാറ ബ്ലോക്ക് നമ്പർ 47ൽ മനോജിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്: മുജീബ് ഉൾപ്പെടുന്ന സംഘവും പ്രതിയായ മനോജ് ഉൾപ്പെട്ട മറ്റൊരു സംഘവും നെടുവന്നൂർകടവ് പാലത്തിന് സമീപത്തിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ മനോജിന്റെ സംഘത്തിൽ ഉണ്ടായിരുന്നവരുടെ കുപ്പി വെള്ളം മുജീബ് എടുത്തു. ഇത് ചോദ്യം ചെയ്ത മനോജും മുജീബും തമ്മിൽ വാക്കേറ്റവും പിന്നീട് അടിപിടിയുമായി. അടിപിടിക്കിടയിൽ മനോജ് മുജീബിനെ പിടിച്ചു വെള്ളത്തിലേക്ക് തള്ളുകയായിരുന്നു. വെള്ളത്തിലേക്ക് വീണ മുജീബ് ഒഴുക്കിൽപ്പെട്ട് മുങ്ങി താഴ്ന്നു. മുജീബിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടയില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവ സ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ധർ ഉൾപ്പടെയുള്ളവർ എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കുളത്തുപ്പുഴ സർക്കിൾ ഇൻസ്പെക്ടർ ബി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

Exit mobile version