Site iconSite icon Janayugom Online

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ച സംഭവം: 100ലധികം പേര്‍ അറസ്റ്റില്‍

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ച സംഭവത്തില്‍ നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികളുടെ വീടുകളും പള്ളികളും ആക്രമിച്ചതിന് തീവ്രവാദ ഗ്രൂപ്പായ തെഹ്രീക്-ഇ-ലബ്ബയ്ക് പാകിസ്ഥാന്‍ (ടിഎല്‍പി) പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. തീവ്രവാദം, മതനിന്ദ എന്നീ കുറ്റങ്ങള്‍ ചുമത്തി 600 പേര്‍ക്കെതിരെ കേസെടുത്തതായും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. അക്രമം നടന്നയിടത്ത് സമാധാനം പുനഃസ്ഥാപിച്ചതായും ക്രിസ്ത്യന്‍ പള്ളികളുടെയും വീടുകളുടെയും സംരക്ഷണത്തിനായി സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അമീര്‍ മിര്‍ പറഞ്ഞു. വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം ജറന്‍വാലയില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ഒഴികെ എല്ലാ യോഗങ്ങളും നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജറന്‍വാലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച അടച്ചിടുമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് ക്രിസ്ത്യാനികള്‍ ഖുറാന്‍ കീറിയതായി ആരോപിച്ചാണ് ബുധനാഴ്ച ഫൈസലാബാദ് ജില്ലയിലെ ജറന്‍വാല തഹ്സിലിലെ 21 പള്ളികളും നിരവധി വീടുകളും ജനക്കൂട്ടം ആക്രമിച്ചത്. ജറന്‍വാലയിലെ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, യുണൈറ്റഡ് പ്രിബൈസ്റ്റേറിയന്‍ ചര്‍ച്ച്, അലൈഡ് ഫൗണ്ടേഷന്‍ ചര്‍ച്ച്, ഷെറുണ്‍ വാല ചര്‍ച്ച് തുടങ്ങിയവയാണ് കത്തിച്ചത്. 

ബുധനാഴ്ച നടന്ന കലാപത്തെത്തുടര്‍ന്ന് 3000ത്തിലധികം പൊലീസുകാരെയും രണ്ട് കമ്പനി പാകിസ്ഥാന്‍ റേഞ്ചേഴ്‌സിനെയുമാണ് ജറന്‍വാലയില്‍ വിന്യസിച്ചിട്ടുള്ളത്. ന്യൂനപക്ഷ സമുദായങ്ങളുടെയും വിഭാഗങ്ങളുടെയും 70 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഇസ്ലാമാബാദ് പൊലീസ് ന്യൂനപക്ഷ സംരക്ഷണ യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് ഭൂരിഭാഗം ക്രിസ്ത്യാനികളും ബുധനാഴ്ച തന്നെ പ്രദേശം വിട്ടിട്ടുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂനപക്ഷ ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന് പാകിസ്ഥാനിലെ സഭാ ബിഷപ്പ് ആസാദ് മാര്‍ഷല്‍ ആരോപിച്ചു. പാകിസ്ഥാനില്‍ പള്ളികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അമേരിക്ക അറിയിച്ചു. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമൂഹത്തിന്റെ സംരക്ഷണം അധികാരികള്‍ ഉറപ്പാക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Eng­lish Summary:The inci­dent of burn­ing Chris­t­ian church­es in Pak­istan: more than 100 peo­ple were arrested

You may also like this video

Exit mobile version