Site icon Janayugom Online

രഹസ്യബന്ധം ഒഴിവാക്കാന്‍ കല്ലറ പൊളിച്ച് താളിയോലയും വെള്ളരിക്കയും നിക്ഷേപിച്ച സംഭവം: മൗലവി പിടിയില്‍

കല്ലേലിയിൽ ചെളിക്കുഴി കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ കല്ലറ ഇളക്കി മാറ്റി വെള്ളരിക്കയും അറബി സൂക്തങ്ങൾ എഴുതിയ താളിയോലയും നിക്ഷേപിച്ച സംഭവത്തിൽ മൗലവിയെ പൊലീസ് പിടികൂടി. പൂവൻപാറ റഹ്‌മാനിയ മൻസിലിൽ സൈനുദീൻ മൗലവി(52)നെ ആണ് കോന്നി പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. കോന്നിയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ മുസ്‌ലിം പള്ളികളിൽ മൗലവിയായി സേവനം അനുഷ്ടിച്ച ഇയാൾ അറബി കേന്ദ്രം നടത്തിവരികയായിരുന്നു.

കല്ലേലി എസ്റ്റേറ്റിൽ തൊഴിലാളിയായ വാഴമുട്ടം സ്വദേശിയായ വീട്ടമ്മ പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് മൗലവി പോലീസിനോട് സമ്മതിച്ചു. ഇവരുടെ മകന് മറ്റൊരു സ്ത്രീയുമായി രഹസ്യ ബന്ധമുണ്ടെന്നും ഇത് ഒഴിവാക്കി തരാൻ കര്‍മ്മം ചെയ്ത് നൽകണം എന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് മൗലവി വെള്ളരിയും അറബി സൂക്തങ്ങൾ അടങ്ങിയ താളിയോല ഉൾപ്പെടെ ഉള്ള വസ്തുക്കൾ വീട്ടമ്മയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഏതെങ്കിലും ഒരു കല്ലറയിൽ നിക്ഷേപിക്കാൻ ആണ് പറഞ്ഞിരുന്നത് എന്നും മൗലവി പറഞ്ഞതായി കോന്നി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സി ദേവരാജൻ പറഞ്ഞു. വീട്ടമ്മക്കായി പോലീസ് തിരച്ചിൽ തുടരുന്നുണ്ട്. പ്രതിയെ കേസ് എടുത്ത ശേഷം ജാമ്യത്തിൽ വിടുമെന്നും പൊലീസ് അറിയിച്ചു.

25 ന് ഞായറാഴ്ചയാണ് കല്ലേലി ചെളിക്കുഴി കത്തോലിക്കാ പള്ളിയുടെ സെമിത്തേരി ഇളക്കി ഇതിനുള്ളിൽ വെള്ളരിക്കയും മറ്റ് വസ്തുക്കളും നിക്ഷേപിച്ചത്.നെടുവുംപുറത്ത് വടക്കേതിൽ കെ വി വർഗീസിന്റെ കല്ലറയാണ് പൊളിച്ചത്.പതിനെട്ടാം ചരമ വാർഷീകം ആചരിക്കുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസം ബന്ധുക്കൾ കല്ലറ വൃത്തിയാക്കുന്നതിനിടെ സംഭവം ശ്രദ്ധയിൽ പെടുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.

Eng­lish Sum­ma­ry: Maulavi arrest­ed for break­ing grave in Konni

You may also like this video

Exit mobile version