Site iconSite icon Janayugom Online

പുഷ്പ 2 പ്രദർശനത്തിനിടയിൽ യുവതി മരിച്ച സംഭവം ;ചലച്ചിത്ര താരം അല്ലു അർജുൻ അറസ്റ്റിൽ

തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2വിന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം ആണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ടാണ് സ്ത്രീ മരിച്ചത് . പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ഇതിനിടയിൽ പെട്ടാണ് സ്ത്രീ മരിച്ചത്. 

ഒരു കുട്ടി അടക്കം രണ്ട് പേർ ബോധം കെട്ട് വീണു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററിൽ രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് വീണ് പോയ രേവതിക്ക് പൊലീസ് ഉദ്യോഗസ്ഥർ അടക്കം എത്തി സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. ഇതോടെ ആളുകൾ സന്ധ്യ തിയറ്ററിലേക്ക് വലിയ തോതിൽ ഒഴുകിയെത്തുകയായിരുന്നു.

Exit mobile version