ചെറുതോണിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ സ്കൂൾ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയായ ഹെയ്സൽ ബെൻ ആണ് നവംബർ 19ന് ഉണ്ടായ അപകടത്തിൽ മരിച്ചത്.
രാവിലെ ഒമ്പത് മണിയോടെ സ്കൂൾ പരിസരത്ത് വെച്ചായിരുന്നു അപകടം. സ്കൂളിലേക്ക് എത്തിയ വിദ്യാർത്ഥിനി ബസിൽ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെ, ബസ് പിന്നോട്ട് എടുക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. അപകടം ഉടൻ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ അപകടത്തിൽ മറ്റൊരു വിദ്യാർത്ഥിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

