Site iconSite icon Janayugom Online

ആഭിചാര ക്രിയക്ക് വഴങ്ങാത്ത ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച സംഭവം; ഉസ്താദിൻ്റെ മൊഴിയെടുക്കാന്‍ പൊലീസ്

ആഭിചാരക്രിയയ്ക്ക് വഴങ്ങാത്തതിനെ തുടർന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റെജുലയുടെ (35) മുഖത്ത് ക്രൂരമായ ആക്രമണം നടത്തിയ ഭർത്താവ് സജീർ നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. റെജുലയെ പീഡിപ്പിക്കാൻ ഉസ്താദ് നിർദേശിച്ച ആഭിചാരക്രിയകൾക്ക് കൂട്ടുനിൽക്കാത്തതാണ് ആക്രമണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. ഈ സാഹചര്യത്തിൽ, ഏരൂർ സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കുമെന്നും ആവശ്യമെങ്കിൽ ഇയാളെ കേസിൽ പ്രതിപട്ടികയിൽ ഉൾപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

റെജുലയുടെ ശരീരത്തിൽ സാത്താൻ്റെ ശല്യം ഉണ്ടെന്ന് പറഞ്ഞ് സജീർ ഭാര്യയെ നിരന്തരം ആക്രമിച്ചിരുന്നു. മന്ത്രവാദി ജപിച്ച് നൽകിയ ചരടുകൾ കെട്ടാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. മുടിയഴിച്ചിട്ട് മന്ത്രവാദ കർമ്മങ്ങൾ നടത്താൻ റെജുലയെ സജീർ നിർബന്ധിച്ചു. ഇതിന് വഴങ്ങാതിരുന്നതോടെ അടുക്കളയിൽ തിളച്ചു കിടന്ന മീൻകറി റെജുലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ റെജുലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റെജുലയുടെ വിശദമായ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും. കൂടാതെ, കുട്ടിയെ മർദിച്ചതിനും സജീറിനെതിരെ കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

Exit mobile version