Site iconSite icon Janayugom Online

ഇന്ത്യക്കാരെ  വിലങ്ങണിയിച്ച് നാടുകടത്തിയ സംഭവം; പാര്‍ലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

അനധികൃതകുടിയേറ്റക്കാരെന്ന് ആരോപിക്കപ്പെട്ട ഇന്ത്യക്കാരെ യുഎസില്‍ നിന്നും വിലങ്ങണിയിച്ച് തിരികെയെത്തിച്ച സംഭവത്തില്‍ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റ്. അമേരിക്കയുടെ നടപടി  മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു. ബുധനാഴ്ച്ച രാത്രിയോടെ അമൃത്സറിലെത്തിയ അമേരിക്കന്‍ സൈനിക വിമാനത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. സഭ തുടങ്ങിയപ്പോള്‍ തന്നെ വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗൊഗോയ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. നാടുകടത്തലിനെ    ‘അപമാനകരമായ’ നടപടിയാണെന്ന്  ഗൊഗോയ് വിമര്‍ശിച്ചു.

പാര്‍ലമെന്റില്‍ വന്‍ ബഹളമായതോടെ സഭ ഉച്ചവരെ നിര്‍ത്തിവെച്ചു. വിദേശ രാജ്യങ്ങള്‍ക്ക് അവരുടേതായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെന്നായരുന്നു സ്പീക്കറുടെ നിലപാട്. ഇന്ത്യക്കാരെ വിലങ്ങണിയിച്ചല്ല കൊണ്ടുവന്നതെന്ന സര്‍ക്കാരിന്റെ  അവകാശ വാദത്തെ തള്ളികളഞ്ഞുകൊണ്ട് നാടുകടത്തപ്പെട്ടവര്‍ രംഗത്തെത്തി. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരുന്നുവെന്നും അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിനുശേഷം മാത്രമാണ്   കൈകാലുകള്‍ മോചിപ്പിച്ചതെന്നും അവർ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ  പുതിയ കുടിയേറ്റ നയത്തിന്റെ  ഭാഗമായായിരുന്നു നാടുകടത്തല്‍. 104 ഇന്ത്യക്കാരില്‍ 30 പഞ്ചാബ് സ്വദേശികളും, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും 30 വീതം ആളുകളും 3 മഹാരാഷ്ട്ര സ്വദേശികളും 3 ഉത്തര്‍പ്രദേശ് സ്വദേശികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഉള്‍പ്പെട്ടിരുന്നു.

Exit mobile version