Site iconSite icon Janayugom Online

ട്രെയിനിലെ എസി കോച്ചിൽ 3 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; ബന്ധുവായ 25കാരൻ പിടിയിൽ

ബന്ധുവുമായുണ്ടായ തർക്കത്തെത്തുടർന്ന് യുവതിയുടെ മൂന്ന് വയസുള്ള മകനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തി ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിച്ചു. 25കാരൻ അറസ്റ്റിൽ. വികാസ് ഷാ എന്ന 25കാരനാണ് അറസ്റ്റിലായത്. മുംബൈ ലോകമാന്യതിലക് ടെർമിനലിൽ ഖുശിനഗർ എക്സ്പ്രസിലെ ശുചിമുറിയിലാണ് മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ, കുശിനഗർ എക്സ്പ്രസ് ലോക്മാന്യ തിലക് ടെർമിനലിൽ യാത്രക്കാർ ഇറങ്ങിയതിനുശേഷം, ശുചിമുറികളും കോച്ചുകളും വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളാണ് പുലർച്ചെ ഒരു മണിയോടെ ഒരു ടോയ്‌ലറ്റിലെ ചവറ്റുകുട്ടയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തൊഴിലാളി ഉടൻ തന്നെ റെയിൽവേ സംരക്ഷണ സേനയെയും (RPF) GRPയെയും വിവരമറിയിച്ചു.

ബാന്ദ്രയിൽ നിന്നാണ് സൂറത്ത് സ്വദേശിയായ 25കാരൻ അറസ്റ്റിലായത്. കുഞ്ഞിന്റെ അമ്മയുമായി വികാസിനുണ്ടായ വൈരാ​ഗ്യമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും കാരണം. ഓഗസ്റ്റ് 22നാണ് മൂന്ന് വയസുകാരനെ വികാസ് സൂറത്തിലെ വീട്ടിൽ നിന്ന് എടുത്തുകൊണ്ട് പോന്നത്. കുട്ടിക്ക് വികാസ് പരിചിതനാണെന്ന് ബന്ധുക്കൾ പറയുന്നു. എങ്ങനെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും എന്തിനാണ് മൃതദേഹം ട്രെയിനിൽ ഉപേക്ഷിച്ചതെന്നതിനും വ്യക്തതയില്ല. കുട്ടിയെ കാണാതായതിന് പിന്നാലെ അംറോലി പൊലീസ് സ്റ്റേഷനിൽ അമ്മ പരാതി നൽകിയിരുന്നു. യുവതിയുടെ ഭർത്താവ് ദുബായിലാണ്. കൊല്ലപ്പെട്ട മൂന്ന് വയസുകാരന് പുറമേ എട്ട് വയസുള്ള മകളും അഞ്ച് വയസുള്ള മകനുമാണ് യുവതിക്കുള്ളത്.

Exit mobile version