നഗരത്തിലെ ആശുപത്രിയിൽ രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഡോക്ടർമാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിലാണ് ഡോക്ടർമാർ ഇന്ന് രാവിലെ റോഡ് ഉപരോധിച്ചത്. വൈക്കം മുഹമ്മദ് ബഷീർ റോഡിലാണ് ഡോക്ടർമാരുടെ പ്രതിഷേധ സമരം നടന്നത്. സമരത്തെ തുടർന്ന് യാത്രക്കാരും ഡോക്ടർമാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ പൊലീസ് എത്തി സമരക്കാരോട് ഇവിടെ നിന്നും മാറാൻ ആവശ്യപ്പെട്ടു.
കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിൽ ഒപി ബഹിഷ്കരണവും നടന്നു. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും സമരത്തിൽ പങ്കു ചേർന്നു. മെഡിക്കൽ കോളജിൽ പിജി വിദ്യാർത്ഥകൾ മാത്രമാണ് ഒപിയിലെത്തിയത്. സമരത്തിന്റെ വിവരമറിയാതെ ആശുപത്രികളിൽ എത്തിയവർ ബുദ്ധിമുട്ടി. അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിച്ചത്.
അതേസമയം ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ നടക്കാവ് പൊലീസ് കേസ് എടുത്തു. ഇതിൽ രണ്ടുപേർ കീഴടങ്ങിയിട്ടുണ്ട്. സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച രാത്രി കോഴിക്കോട് ബാങ്ക് റോഡിലെ ഫാത്തിമ ആശുപത്രിയിലാണ് രോഗിയുടെ ബന്ധുക്കളെന്ന് കരുതുന്നവർ മുതിർന്ന കാർഡിയോളജിസ്റ്റ് ഡോ. പി കെ അശോകന് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയിലിരുന്ന കുന്ദമംഗലം സ്വദേശിനിയുടെ ബന്ധുക്കൾ ആക്രമിച്ചതായാണ് പരാതി.
English Summary; The incident where the doctor was assaulted; The doctors boycotted the OP and blocked the road
You may also like this video