പള്ളിപ്പുറത്ത് വീടിന് സമീപത്തെ പറമ്പിൽ നിന്നും മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥനായ ചെങ്ങത്തറ വീട്ടിൽ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്. ഇയാളെ കോട്ടയത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.
കാണാതായ ജയ‌്നമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ജയ‌്നമ്മയുടെ ഫോൺ പ്രതി സെബാസ്റ്റ്യൻ സൂക്ഷിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ കടയിൽ വച്ച് രഹസ്യമായി ഫോൺ ചാർജ് ചെയ്യാൻ ഓൺ ചെയ്തതിനെ തുടർന്ന് ഇതിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. കടയിൽ സെബാസ്റ്റ്യൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു മൊബൈൽ ഫോൺ.
അതേസമയം, അന്വേഷണങ്ങളോട് സെബാസ്റ്റ്യന്‍ സഹകരിക്കുന്നില്ല. ജയ‌്നമ്മയുടെ സഹോദരൻ സാവിയോ, സഹോദരി ആൻസി, ആൻസിയുടെ ഭർത്താവ് ഷാജി എന്നിവർ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയിരുന്നു. ഡിഎൻഎ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ഇവർ എത്തിയത്. കോട്ടയം ഏറ്റുമാന്നൂർ കോട്ടമുറി ജയ‌്നമ്മയെ 2024 ഡിസംബർ 23 മുതലാണ് കാണാതായത്. തുടർന്ന് 28ന് ഇവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഫോണിന്റെ ടവർ ലൊക്കേഷൻ അവസാനമായി പള്ളിപ്പുറത്തായാണ് കണ്ടെത്തിയത്. ഇതേ തുടർന്നു സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു.
മൂന്ന് മാസങ്ങൾക്ക് മുമ്പ് കോട്ടയം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസം പറമ്പിലെ കുഴിയിൽ നിന്നും അസ്ഥി കഷണങ്ങൾ കണ്ടെത്താനായത്. ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദുപത്മനാഭന്റെ തിരോധാനത്തിന് പിന്നിലും ഇയാളാണെന്ന പരാതിയും നിലവിലുണ്ട്. അതിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന പൊലീസിന്റെ അപേക്ഷ ചേർത്തല കോടതിയുടെ പരിഗണനയിലാണ്. വ്യാജ വിൽപത്രവും മറ്റു രേഖകളും ചമച്ച് കോടികളുടെ സ്വത്തുക്കൾ കൈക്കലാക്കിയ ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായാണ് സഹോദരന്റെ പരാതി. എന്നാൽ പരാതി നൽകിയ ഇദ്ദേഹം വിദേശത്താണെന്നതിനാൽ ആദ്യം അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയുണ്ടായില്ല. കാണാതായ ജെയ‌്നമ്മയുടെ ഫോണിൽ നിന്നു കഴിഞ്ഞ ഞായറാഴ്ചയും സഹോദരിക്കു കോൾ വന്നു. മിസ്ഡ് കോൾ ആണ് എത്തിയത്. തുടർന്ന് ഇവർ വിവരം ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ മേലുകാവിൽ ആണെന്നു കണ്ടെത്തി. തുടർന്നു അന്വേഷണസംഘവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അന്വേഷണം വഴി തെറ്റിക്കാനും ജെയ‌്നമ്മ മേലുകാവ് ഭാഗത്ത് ഉണ്ടെന്നു വിശ്വസിപ്പിക്കാനും സെബാസ്റ്റ്യന്റെ അറിവോടെയാണ് ഫോൺവിളി ആസൂത്രണം ചെയ്തതതെന്ന് അന്വേഷണ സംഘം പറയുന്നു. സെബാസ്റ്റ്യന്റെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി. വീട്ടുവളപ്പിൽ നിന്നും ലഭിച്ച അസ്ഥി കഷണങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ശേഷം ഫോറൻസിക് ലാബിൽ സൂക്ഷിക്കും.

