ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 89.76ൽ എത്തി. നവംബർ മൂന്ന് മുതൽ മാത്രം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഏകദേശം ഒരു രൂപയുടെ കുറവാണുണ്ടായത്.
ഈ വര്‍ഷം ഇതുവരെ നാല് ശതമാനത്തോളം മൂല്യത്തകര്‍ച്ചയാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസികളില്‍ തുർക്കിഷ് ലിറ, അർജന്റീനിയൻ പെസോ എന്നിവ മാത്രമാണ് രൂപയെക്കാൾ പിന്നിലുള്ളത്. റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. രൂപയിലെ ഇടപാട് ഒഴിവാക്കി നിക്ഷേപകര്‍ പിന്മാറുന്നതാണ് പ്രധാന കാരണം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ സാധ്യമാകാത്തതും തിരിച്ചടിയായി.
ജൂലൈ — സെപ്റ്റംബർ കാലയളവിൽ ഇന്ത്യ 8.2% ജിഡിപി വളര്‍ച്ച നേടിയെന്ന കണക്കുകള്‍ അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് ഓഹരി വിപണി റെക്കോഡ് നേട്ടത്തിലെത്തിയെങ്കിലും, രൂപയുടെ തകർച്ച തടയാൻ കഴിഞ്ഞില്ല. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ഏകദേശം 3,300 കോടി രൂപയുടെ ഓഹരികളാണ് വിദേശികൾ വിറ്റഴിച്ചത്. ഇതോടെ ഈ വർഷം ഇന്ത്യയിൽ നിന്ന് പിൻവലിക്കപ്പെട്ട വിദേശ നിക്ഷേപം 1,600 കോടി ഡോളർ കടന്നു.
ആഗോള തലത്തില്‍ ഡോളറിന് ശക്തി കുറഞ്ഞിട്ടും രൂപയുടെ മൂല്യം ഇടിയുന്നത് ശ്രദ്ധേയമാണെന്ന് ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധ അദിതി ഗുപ്ത ചൂണ്ടിക്കാട്ടി. നവംബറില്‍ മാത്രം മൂല്യം 0.8 % ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യ — അമേരിക്ക വ്യാപാര കരാറില്‍ നേരിടുന്ന അനിശ്ചിതത്വം ഇതിന് കാരണമായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഇറക്കുമതിക്കായി ഡോളറിനുള്ള ഉയര്‍ന്ന ആവശ്യം നേരിടുന്നു. കൂടാതെ വിദേശത്തുനിന്നുള്ള പണമൊഴുക്കിലെ കുറവ്, ഉയര്‍ന്ന വ്യാപാരക്കമ്മി എന്നിവയും പ്രതിസന്ധിയാണെന്നും ധനകാര്യ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
രൂപയുടെ മൂല്യം ഇടിയാനുള്ള പ്രവണത തുടരാനാണ് സാധ്യതയെന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ പ്രവചനം. യുഎസ് — ഇന്ത്യ വ്യാപാരക്കരാറിന്റെ പുരോഗതി നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 90 നിലവാരത്തിലേക്ക് രൂപ എത്തുമെന്നാണ് എല്‍കെപി സെക്യൂരിറ്റീസിന്റെ നിരീക്ഷണം. അതേസമയം ഈ വര്‍ഷം ഏകദേശം നാല് ശതമാനം മൂല്യത്തകര്‍ച്ച സംഭവിച്ചതിനാല്‍, അടുത്തുതന്നെ കാര്യമായ തുടര്‍ ഇടിവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍.

