കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുന്നു. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കിഴക്കൻ ജില്ലകളിലെ പല നദികളും കര കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ അണക്കെട്ടുകളും തുറന്നു തുടങ്ങി. ഇതോടെയാണ് അപ്പർ കുട്ടനാട് പ്രദേശങ്ങളിലെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായത്.പുറക്കാട്, പുത്തൻ നട എന്നിവിടങ്ങളിലെ കിഴക്കൻ പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറിത്തുടങ്ങി.ഇതോടൊപ്പം കായലുകളിലും വെള്ളം നിറഞ്ഞു തുടങ്ങി.തോട്ടപ്പള്ളി പൊഴി മുറിക്കൽ പൂർത്തിയാകാത്തതാണ് ഇപ്പോഴത്തെ ഈ വെള്ളക്കെട്ടിന് കാരണമായത്. പൊഴി മുറിച്ചാൽ ഇതു വഴി കണ്ടെയ്നർ ചോർച്ചയെത്തുടർന്നുള്ള രാസ മാലിന്യം കിഴക്കൻ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് പൊഴി മുറിക്കൽ മന്ദഗതിയിലായത്. ഇനിയും മഴ ശക്തമായാൽ കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുന്നതോടെ പ്രളയ സമാനമായ സ്ഥിതിയുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുന്നു; വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

