Site iconSite icon Janayugom Online

പ്രവാസികളുടെ ചങ്കിടിപ്പ്‌ കൂടുന്നു; സൗദിയിൽ സ്വദേശിവല്‍ക്കരണം കൂടുതൽ തൊഴിലിടങ്ങളിലേക്ക്

സൗദി അറേബ്യയിൽ സ്വദേശി വല്‍ക്കരണം കൂടുതൽ തൊഴിലിടങ്ങളിലേക്ക് വ്യാപിക്കുന്നു. മലയാളികൾ ധാരാളമായി ജോലി ചെയ്യുന്ന പാരാമെഡിക്കൽ മേഖലയിലാണ് ഇപ്പോൾ പുതുതായി ഈ സമ്പ്രദായം നടപ്പാക്കുന്നത്. ഘട്ടംഘട്ടമായി സൗദിയിലെ എല്ലാ തൊഴിൽ മേഖലയിലും സ്വദേശി സംവരണം ഉയർത്തിക്കൊണ്ട് വരാൻ ലക്ഷ്യമിട്ടുള്ള നടപടിയുടെ ഭാഗമാണിത്. ചിലയിടങ്ങളിൽ 70 ശതമാനം വരെയാണ് ലക്ഷ്യമിടുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം സ്വദേശി വനിതകൾ തൊഴിലെടുക്കാൻ തയ്യാറായി മുന്നോട്ടു വരുന്നുണ്ട്. 

ആവശ്യമുള്ളിടത്ത് വേണ്ട പരിശീലനം നൽകിയാണ് സ്വദേശികളെ തൊഴിലെടുക്കാൻ പ്രാപ്തരാക്കുന്നത്. എന്‍ജിനീയറിങ്, ഐടി, കമ്മ്യൂണിക്കേഷൻ, അക്കൗണ്ടിങ്, ആരോഗ്യ മേഖലകൾ തുടങ്ങി കാർ വില്പന കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, ഇലക്ട്രിക്കൽ-ഇക്ട്രോണിക്സ് ഷോപ്പുകൾ, സ്പെയർ പാർട്സ് കടകൾ, തുണി-അത്തർ കടകൾ, ഇങ്ങനെ സൗദിയിലെ എല്ലാ തൊഴിൽ മേഖലയിലും ഏറിയും കുറഞ്ഞും സാന്നിധ്യമുള്ളതിനാൽ ഈ സ്ഥിതി സ്വാഭാവികമായും മലയാളികളെയാവും ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുക. പുതിയൊരു തൊഴിൽ കണ്ടെത്താൻ മേഖലയൊന്നും ബാക്കിയുണ്ടാവില്ല എന്നതിനാൽ സൗദിയിലെ മലയാളി സമൂഹവും നാട്ടിലെ ബന്ധുക്കളും വലിയ ആശങ്കയിലാണ്. 

വർഷങ്ങൾക്ക് മുമ്പ് താഴെത്തട്ടിലെ നാല് മേഖലകളിൽ തുടക്കമിട്ട് പടിപടിയായി വിവിധ തൊഴിലിടങ്ങളിലേക്ക് വ്യാപിച്ച സ്വദേശിവല്‍ക്കരണത്തിന്റെ ഒരു പ്രധാന ഘട്ടമാണ് ലബോറട്ടറി, ഫിസിയോതെറാപ്പി, എക്സ്റേ-റേഡിയേഷൻ, ന്യൂട്രീഷ്യൻ എന്നീ വിഭാഗങ്ങളിലേത്. ലബോറട്ടറി, ന്യൂട്രീഷ്യൻ, ഫിസിയോതെറാപ്പി വിഭാഗത്തിൽ 70 ശതമാനവും റേഡിയോളജി-എക്സ്റേയിൽ 65 ശതമാനവും എന്ന കണക്കിൽ സൗദി പൗരന്മാരെ തുടക്കത്തിൽത്തന്നെ പ്രവേശിപ്പിച്ച് തുടങ്ങണമെന്നാണ് സ്ഥാപനമുടകൾക്കുള്ള കർശന നിര്‍ദേശം. ഇവിടങ്ങളിലെല്ലാം തൊഴിലെടുക്കുക്കുന്നവരിൽ അധികവും സ്ത്രീകളടക്കമുള്ള പ്രവാസി മലയാളികളാണ്. മക്ക, ജിദ്ദ, ദമാം, റിയാദ് തുടങ്ങി അഞ്ച് പ്രദേശങ്ങളിലാണ് ഇപ്പോൾ നടപ്പാക്കിത്തുടങ്ങുക. ഒക്ടോബറിൽ തുടങ്ങുന്ന അടുത്ത ഘട്ടത്തിൽ കൂടുതൽ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും.

Exit mobile version