Site iconSite icon Janayugom Online

രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും

30-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനം ഇന്ന് വൈകിട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകനും കോട്ടയം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സ് ചെയർമാനുമായ സയീദ് മിർസയെ ആദരിക്കും. മൗറിത്തേനിയൻ സംവിധായകനും മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവുമായ അബ്ദെറഹ്‌മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും. ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂലാഫിനെയും മുഖ്യമന്ത്രി ആദരിക്കും.
മേളയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം അവാർഡ്, പ്രേക്ഷക അവാർഡ്, തിയേറ്റർ അവാർഡ്, മാധ്യമ അവാർഡ് എന്നിവയും വിതരണം ചെയ്യും.

മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, ജി ആർ അനിൽ, വി കെ പ്രശാന്ത് എംഎൽഎ, ചലച്ചിത്ര അക്കാദമി ചെയർമാൻ ഡോ. റസൂൽ പൂക്കുട്ടി, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, അക്കാദമി സെക്രട്ടറി സി അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർപേഴ്സൺ കെ മധു, സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമ ഫണ്ട് ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ എന്നിവർ പങ്കെടുക്കും. പരിപാടിക്ക് ശേഷം സുവർണ ചകോരം നേടിയ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല

രാജ്യാന്തര ചലച്ചിത്ര മേളയിൽ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല. ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ലെയിംസ്, ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് തുടങ്ങിയ സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി നല്‍കാനാകില്ലെന്ന് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ബുധനാഴ്ച രാത്രി ചീഫ് സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചലച്ചിത്ര അക്കാദമിക്ക് ചീഫ് സെക്രട്ടറി കേന്ദ്ര നിര്‍ദേശം കൈമാറി. കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് ഈ ആറ് സിനിമകളുടെയും പ്രദര്‍ശനം നടത്തേണ്ട എന്ന് ചലച്ചിത്ര അക്കാദമി തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇതില്‍ നാല് സിനിമകളുടെ പ്രദര്‍ശനം ഇതിനോടകം നടന്നു. ഇനി രണ്ട് ചിത്രങ്ങള്‍ മാത്രമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ളത്. നേരത്തെ എല്ലാ ചിത്രങ്ങളും നിശ്ചയിച്ച പ്രകാരം പ്രദർശിപ്പിക്കാനുള്ള നിർദേശം സംസ്ഥാന സർക്കാർ ചലച്ചിത്ര അക്കാദമിക്ക് നൽകിയിരുന്നു. മേളയില്‍ 19 സിനിമകള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. പിന്നീട് 12 എണ്ണത്തിന് അനുമതി നൽകിയെങ്കിലും ആറ് സിനിമകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. ഒരു ചിത്രം പ്രദർശിപ്പിക്കേണ്ടതില്ലെന്ന്‌ അതിന്റെ നിർമ്മാതാക്കൾ തന്നെ തീരുമാനിക്കുകയായിരുന്നു.

Exit mobile version