സൈനിക ശ്രേണിയില്‍പ്പെട്ട പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ രാഷ്ട്ര ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖരെ നിരീക്ഷിക്കാന്‍ സര്‍ക്കാരോ അതിന്റെ ഏതെങ്കിലും ചില ഏജന്‍സികളോ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിന് തൃപ്തികരമായ മറുപടി നല്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും നിര്‍ണായക വെല്ലുവിളിയായിരിക്കുന്നു. സ്വതന്ത്രവും സുപ്രീം കോടതി മേല്‍നോട്ടത്തിലും അന്വേഷണം വേണമെന്നുള്ള ആവശ്യത്തിന് തടയിടാന്‍ മോഡി ഭരണകൂടം നടത്തിയ ദുര്‍ബലവും യുക്തിഹീനവുമായ ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിസമ്മതിച്ചു. ദേശീയ സുരക്ഷയുടെ പേരില്‍ പെഗാസസ് ഉപയോഗം സംബന്ധിച്ച് പൊതുസംവാദം പാടില്ലെന്ന വാദഗതി അംഗീകരിക്കുമ്പോള്‍ തന്നെ ആരോപിക്കപ്പെട്ട തരത്തില്‍ വ്യക്തികളെ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ നിയമസാധുത സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ ആവില്ലെന്ന് ചീഫ് ജസ്റ്റിസ് അസന്നിഗ്ധമായി വ്യക്തമാക്കി. പൗരാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനുയോജ്യമായ ജനാധിപത്യ ആധികാരിക വേദികളില്‍ പോലും നിഷേധിക്കുന്നത് ഭരണസംസ്കാരമാക്കി മാറ്റിയ ഭരണകൂടത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നേതൃത്വം നല്കുന്നത്.
യാതൊരു ചര്‍ച്ചകളും വിമര്‍ശനങ്ങളും പരിശോധനകളും കൂടാതെ ജനങ്ങളെ ബാധിക്കുന്ന സുപ്രധാന നിയമങ്ങള്‍പോലും പാസാക്കിയെടുക്കുന്നത് മോഡി ഭരണത്തില്‍ പതിവു പാര്‍ലമെന്ററി നടപടിക്രമവും സംസ്കാരവുമായി മാറിയിരിക്കുന്നു. പെഗാസസ് പോലെ പൗരസ്വാതന്ത്ര്യത്തെയും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട പൗരാവകാശങ്ങളെയും ലംഘിക്കുന്ന സംഭവങ്ങള്‍ പോലും ചര്‍ച്ചചെയ്യാന്‍ വിസമ്മതിക്കുന്ന ഭരണകൂട സമീപനമാണ് അന്തിമമാര്‍ഗമെന്ന നിലയില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളെപ്പോലും നിര്‍ബന്ധിതരാക്കിയത്.
സ്വകാര്യത പൗരന്റെ ഭരണഘടനാപരമായ മൗലിക അവകാശമായി അംഗീകരിക്കുമ്പോഴും രാഷ്ട്രസുരക്ഷ, ഭീകര പ്രവര്‍ത്തനമടക്കം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിന് ടെലിഫോണ്‍ വിളികള്‍ ചോര്‍ത്തി പരിശോധിക്കുന്നതിന് ഭരണകൂടത്തെ നിയമാനുസൃതം അനുവദിക്കുന്ന 1885ലെ ടെലിഗ്രാഫ് നിയമവും അതുസംബന്ധിച്ച 1996 ഡിംസബര്‍ 18 ന്റെ സുപ്രീം കോടതിവിധിയും നിയമസാധുത നല്കുന്നു. എന്നാല്‍ അത്തരം നടപടികളില്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ 2007ലെ ടെലിഗ്രാഫ് ചട്ടം 419‑എ ക്രോഡീകരിക്കുന്നുണ്ട്. സമാനമായ രീതിയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്നതിനും അവ മനസിലാവുന്ന ഭാഷയിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും വിവരസാങ്കേതികവിദ്യാ ചട്ടങ്ങള്‍ 2009 വ്യവസ്ഥ ചെയ്യുന്നുണ്ട്. അതെല്ലാംതന്നെ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സമാധാനപരവും സുരക്ഷിതവുമായ നിലനില്പിനെതിരായ വെല്ലുവിളികളെ നേരിടാന്‍ ഭരണകൂടത്തിന് അധികാരം നല്കുന്നുണ്ട്. എന്നാല്‍ പെഗാസസ് ഉയര്‍ത്തുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും കടന്നുകയറ്റം നടത്താന്‍ ലക്ഷ്യംവച്ചുള്ള ചാര ആയുധപ്രയോഗത്തിന്റെ പ്രശ്നമാണ്. ഇവിടെ നിയമങ്ങളും ചട്ടങ്ങളും അനുവദിക്കുന്ന സന്ദേശങ്ങളും വിവരങ്ങളും ദേശ, സാമൂഹ്യ സുരക്ഷകളെ കരുതി ചോര്‍ത്തി ഉപയോഗപ്പെടുത്തുക എന്നതിനു പകരം ഭരണകൂടം തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നവരെ തങ്ങളുടെ നിക്ഷിപ്ത താല്പര്യാര്‍ത്ഥം നിരന്തര നിരീക്ഷണത്തിലാക്കുക എന്ന ഹീനമായ പ്രവൃത്തിയാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.
നിയമാനുസൃതം വിധ്വംസക ശക്തികളുടെ സന്ദേശങ്ങള്‍ കണ്ടെത്തി സമൂഹത്തിനും രാഷ്ട്രത്തിനും ഹാനികരമായ പ്രവൃത്തികളെ തടയുന്നതിനുപകരം രാഷ്ട്രീയ എതിരാളികളെയും സ്വന്തം സഹപ്രവര്‍ത്തകരെയും ജനാധിപത്യ സംവിധാനത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നവരെയും നിരീക്ഷണവലയത്തിലാക്കി അധികാരം ഉറപ്പിച്ചു നിര്‍ത്താനുള്ള അരക്ഷിത ഭരണകൂടത്തിന്റെ പ്രവൃത്തികളാണ് തുറന്നുകാട്ടപ്പെടുന്നത്.
മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും മാനിക്കുന്ന ഒരു പരിഷ്കൃത ജനസമൂഹത്തിനും ജനാധിപത്യ സംവിധാനത്തിനും അംഗീകരിക്കാവുന്ന ഒന്നല്ല പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ എന്ന ആയുധം. ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യ സങ്കല്പങ്ങളുടെയും അന്തസത്തയ്ക്ക് നിരക്കാത്ത ആ സൈനിക ശ്രേണി ആയുധം സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ സ്വന്തമാക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് രാജ്യം ഉത്തരം ആരായുന്നത്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഭരണഘടനയുടെയും നിയമ വ്യവസ്ഥകളുടെയും ലംഘനമാണ്. അതിന് ആരെങ്കിലും ഉത്തരവാദികള്‍ ആണെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നേ മതിയാവൂ. ഭീകരവാദത്തിന്റെയും രാജ്യസുരക്ഷയുടെയും പേരില്‍ ഭരണഘടനാ തത്വങ്ങള്‍ മറികടക്കാനും നിയമലംഘനം നടത്താനും ആരെയും അനുവദിക്കാന്‍ ആവില്ല.