Site iconSite icon Janayugom Online

ഭക്ഷ്യസുരക്ഷാ പ്രശ്നത്തിന് പ്രഥമ പരിഗണന ആവശ്യം

രാജ്യത്ത് വരാന്‍പോകുന്ന പട്ടിണിയെക്കുറിച്ച് പരമോന്നത നീതിപീഠമായ സുപ്രീം കോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണം ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അത്രയധികം ആശങ്കയിലാണ്.
ഏറെ ദുരിതം അനുഭവിക്കുന്നവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തൊഴില്‍ ചെയ്യുന്നവരുമായ പാവങ്ങളായ തൊഴിലാളികള്‍ക്ക് റേഷന്‍ ഉറപ്പാക്കുന്നതിന്റെ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് നിര്‍ദ്ദേശിക്കുന്ന ഘട്ടത്തിലാണ് സുപ്രീം കോടതി രാജ്യം നേരിടുന്ന ഗൗരവതരമായ വിഷയത്തിലേക്ക് വിരല്‍ചൂണ്ടിയത്. റേഷന്‍ കാര്‍ഡില്ലാതെ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്കെല്ലാം റേഷന്‍ കാര്‍ഡുകള്‍ ഉടന്‍തന്നെ ലഭ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ഏറെ ശ്രദ്ധേയമാണ്.
ഭക്ഷ്യസുരക്ഷ അപകടത്തിലാകുന്നതോടെ രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ പട്ടിണിയിലാകുമെന്ന് ഉറപ്പാണ്. ജോലി ചെയ്യുന്നതിനാവശ്യമായ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയണമെങ്കില്‍ അതിനാവശ്യമായ ഭക്ഷണം കഴിക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം. അതിനുള്ള വരുമാനം ലഭിക്കാത്തതിനാല്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും. 141 കോടി ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിന്റെ അത്രയും രാജ്യത്തു നിന്നുതന്നെ ഉല്പാദിപ്പിക്കുകയേ വഴിയുള്ളു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാന്‍ ഇറക്കുമതിയിലൂടെ കഴിയുമെന്ന വാദം ഉയര്‍ത്തുന്ന നവലിബറല്‍ നയങ്ങളുടെ വക്താക്കളായ സാമ്പത്തിക ശാസ്ത്രജ്ഞരും അവരുടെ പ്രചാരകരും രാജ്യത്ത് ദുരിതം വാരിവിതറുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ഭക്ഷ്യമേഖല കൈവശപ്പെടുത്താനുള്ള നീക്കത്തിലാണ് അന്തര്‍ദേശീയ – ദേശീയ ധനമൂലധന ശക്തികള്‍. തങ്ങളുടെ ലാഭം വന്‍തോതില്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമായാണ് ഭക്ഷ്യമേഖലയെ കോര്‍പറേറ്റുകള്‍ കാണുന്നത്. ഇത്രയധികം ജനങ്ങളുള്ള ഇന്ത്യയിലെ ഭക്ഷ്യവിപണി കയ്യടക്കുന്നതിനാണ് ഇപ്പോള്‍ നീക്കങ്ങള്‍ നടത്തുന്നത്. ആ നീക്കത്തിന് എല്ലാവിധ പിന്തുണയും നല്കുന്ന സമീപനമാണ് നരേന്ദ്രമോഡി ഗവണ്‍മെന്റ് കൈക്കൊള്ളുന്നത്. അതിന് സഹായകരമായാണ് കാര്‍ഷികമേഖല കോര്‍പറേറ്റുവല്ക്കരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. കര്‍ഷകരുടെ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കേന്ദ്ര ഗവണ്‍മെന്റ് തങ്ങളുടെ നയങ്ങളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. സന്ദര്‍ഭങ്ങള്‍ കിട്ടുമ്പോള്‍ വീണ്ടും രംഗത്തുവരുമെന്നും ഉറപ്പാണ്.


ഇതുകൂടി വായിക്കൂ: ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക


രാജ്യത്തിന്റെ സ്ഥിതിവിശേഷം അതീവ ഗുരുതരമാണെന്ന പരമോന്നത കോടതിയുടെ വാക്കാലുള്ള നിരീക്ഷണം ഏറെ പ്രസക്തമാണ്. കുട്ടികള്‍, ഗര്‍ഭിണികള്‍ ഇവരൊക്കെ കൃത്യമായ പോഷകാഹാരം ലഭിക്കാതെ പ്രയാസപ്പെടുന്നുണ്ട്. ഒരാളെയും പട്ടിണിക്കിടാത്ത രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് അടിയന്തര നടപടികള്‍ ആവശ്യവുമാണെന്ന സുപ്രീം കോടതിയുടെ വാക്കാലുള്ള അഭിപ്രായത്തെ ഗൗരവത്തോടെ കേന്ദ്ര ഗവണ്‍മെന്റ് കണ്ണുതുറന്നു കാണണം.
ഇന്ത്യയിലെ 71 ശതമാനം ജനങ്ങളും ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കാന്‍ പ്രയാസം അനുഭവിക്കുന്നവരാണെന്ന പഠനം ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. ഗുണമില്ലാത്ത ഭക്ഷണം കഴിക്കുന്നതിന്റെ ഫലമായി നിരവധി പേര്‍ രാജ്യത്ത് മരിക്കുന്നുണ്ട്. ഗുണമേന്മയുള്ള ഭക്ഷണം കിട്ടാത്തതിന്റെ ഫലമായി വര്‍ഷംതോറും 17 ലക്ഷം പേര്‍ വിവിധ രോഗങ്ങള്‍ പിടിപെട്ട് മരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സാധാരണ ജനങ്ങളുടെ ജീവിതാവസ്ഥയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
മെച്ചപ്പെട്ട ആരോഗ്യം ഇല്ലാത്തതിനാല്‍ തൊഴില്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്നതിന് കഴിയാതെവരുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ കഴിയണമെങ്കില്‍ 20 വയസിന് മുകളില്‍ ഉള്ളവര്‍ 200 ഗ്രാം പഴവര്‍ഗങ്ങള്‍ ദിവസവും കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. 38.8 ഗ്രാം പഴവര്‍ഗങ്ങള്‍ മാത്രമാണ് മഹാഭൂരിപക്ഷത്തിനും ലഭ്യമാകുന്നത്. 300 ഗ്രാം പച്ചക്കറികള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ 168.7 ഗ്രാം മാത്രമാണ് കഴിക്കുന്നത്.

രാജ്യത്തിലെ ജനങ്ങളുടെ സാമ്പത്തിക ദുരിതം വര്‍ധിക്കുന്നതും പ്രധാന വെല്ലുവിളിയാണ്. വാങ്ങല്‍ശേഷി കുറഞ്ഞുവരുന്നു. മധ്യപ്രദേശ്, തമിഴ്‌നാട്, പഞ്ചിമബംഗാള്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങളിലെ ക്രയശേഷി കുത്തനെ താഴോട്ടുവന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം 2022 ല്‍ ശതകോടീശ്വരന്മാരുടെ എണ്ണം 2020 ലെ 102 ല്‍ നിന്നു 2021 ല്‍ 142 ആയി ഉയര്‍ന്നു. ശതകോടീശ്വരന്മാരുടെ സമ്പത്ത് 2020 ല്‍ 23.14 ലക്ഷം കോടി രൂപയില്‍ നിന്നും 2021 ല്‍ 53.16 ലക്ഷം കോടി രൂപയായി. രാജ്യത്തിന്റെ മൊത്തം ദേശീയ വരുമാനത്തിന്റെ 36.17 ശതമാനവും 142 ശതകോടീശ്വരന്മാര്‍ കൈയടക്കി. കോവിഡ് കാലത്ത് ജനങ്ങള്‍ ഏറെ ദുരിതം അനുഭവിക്കുമ്പോഴാണ് ശതകോടീശ്വരന്മാര്‍ സമ്പത്ത് വാരിക്കൂട്ടിയത്. രാജ്യത്തിന്റെ 84 ശതമാനം ജനങ്ങളുടെയും വരുമാനം കുറയുകയാണ് ചെയ്തത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴുള്ള അവസ്ഥയാണിത്. പട്ടിണികിടക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്കുവാന്‍പോലും സ്വാതന്ത്ര്യം ലഭിച്ച് മുക്കാല്‍ നൂറ്റാണ്ട് തികയുമ്പോഴും കഴിയുന്നില്ല. അതിന് പരിഹാരം ഉണ്ടാക്കാനുള്ള പദ്ധതികള്‍ എന്തുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റുകള്‍ തയാറാക്കുന്നില്ല.


ഇതുകൂടി വായിക്കൂ: മോഡീഭരണത്തിന്റെ എട്ടുവര്‍ഷക്കാലം


കേരളം അതില്‍ നിന്നും വ്യത്യസ്തമാണ്. ഫലപ്രദമായ റേഷന്‍ സമ്പ്രദായമാണ് സംസ്ഥാനത്തുള്ളത്. സാര്‍വത്രികമായ റേഷന്‍ സമ്പ്രദായം സംസ്ഥാനത്ത് ഉണ്ടായിരുന്നതാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തില്‍ മാറ്റം വരുത്തിയതോടെ സാര്‍വത്രിക റേഷന്‍ സമ്പ്രദായം താറുമാറായി. അര്‍ഹതപ്പെട്ടവര്‍, അര്‍ഹതപ്പെടാത്തവര്‍ എന്നനിലയില്‍ മാറ്റങ്ങള്‍ വരുത്തി. ഭക്ഷ്യകാര്യത്തില്‍ കമ്മി സംസ്ഥാനമായ കേരളത്തിന് ഈ നയം ഏറെ പ്രയാസമുണ്ടാക്കി. ആ പ്രയാസങ്ങള്‍ എല്ലാം നേരിട്ടുകൊണ്ട് ഭക്ഷ്യ പൊതുവിതരണ രംഗത്ത് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്. കേരളത്തിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങളെയും റേഷന്‍ വിതരണത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റ് ഇതിനകം തന്നെ ആവശ്യപ്പെട്ടു. സംസ്ഥാന നിയമസഭ‍ പ്രമേയത്തിലൂടെയും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രിയും മന്ത്രിമാരും ഡല്‍ഹി സന്ദര്‍ശിച്ച് കേന്ദ്ര ഗവണ്‍മെന്റിനെ സംസ്ഥാനത്തിന്റെ ആവശ്യം നേരിട്ട് ബോധ്യ‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമാക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ വൈകിക്കൂട.

Exit mobile version