എഴുത്തുകാർ കാലങ്ങളെ മുൻകൂട്ടി കാണാൻ കഴിവുള്ളവരാണെന്ന് പ്രമുഖ പ്രഭാഷകനും ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ പി അഹമ്മദ്. ജോയിന്റ് കൗൺസിൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കോഴിക്കോട് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരേതാത്മാക്കളോട് സംസാരിക്കുകയല്ല, പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളോട് സംസാരിക്കാനുള്ള ബോധമാണ് എഴുത്തുകാർ സൃഷ്ടിക്കുന്നത്. അതിനാലാവാം രാജ്യത്തെ എഴുത്തുകാർ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തിന്റെയും പ്രഭാഷണങ്ങൾ നടത്തുന്നതിന്റെയും പേരിൽ പോലും ആളുകൾ ആക്രമിക്കപ്പെടുകയാണ്. നിർമ്മിത ബുദ്ധിയുടെയും ഇന്റർനെറ്റ് ഈശ്വരനാകുന്ന കാലത്തുമാണ് നാം ജീവിക്കുന്നത്. ലോകത്ത് മനുഷ്യൻ എന്ന സമുദായം മാത്രമേയുള്ളുവെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം ടി എം സജീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെഎസ്എസ് പി സി സംസ്ഥാന സെക്രട്ടറി അഹമ്മദ് കുട്ടി കുന്നത്ത്, കെജിഒഎഫ് ജില്ലാ സെക്രട്ടറി ഡോ. സാജിദ് അഹമ്മദ്, എകെഎസ് ടിയു ജില്ലാ സെക്രട്ടറി കെ പ്രദീപൻ, ടി കെ രാമകൃഷ്ണൻ, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ശിവൻ തറയിൽ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി സുനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നന്മ കലാസാംസ്കാരിക വേദി അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
ഇന്ന് രാവിലെ 9.30 ന് ടൗണ്‍ഹാളിലെ എംഎൻവിജി അടിയോടി നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ ജയപ്രകാശൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. പി കെ നാസർ, നരേഷ് കുമാർ കുന്നിയൂർ, എം യു കബീർ, ടി എം സജീന്ദ്രൻ സംസാരിക്കും.
English Summary: The Joint Council organized a cultural conference
You may also like this video