Site iconSite icon Janayugom Online

രാജ്യ ചരിത്രത്തിൽ ആദ്യം; അറിയാം കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ ചരിത്രം

റിവിന്റെ ജനാധിപത്യം ആഘോഷമാക്കുന്ന നിയമസഭാ പുസ്തകോത്സവം രാജ്യ ചരിത്രത്തിൽ ആദ്യം. ഇന്ത്യ സ്വാന്തന്ത്ര്യം നേടിയതിന്റെ 75 വർഷം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭ ലൈബ്രറിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായിട്ടാണ് ആദ്യമായി 2023 ജനുവരി 9 മുതൽ പുസ്തകോത്സവം സംഘടിപ്പിച്ചത്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ജനാധിപത്യത്തെയും വായനയെയും കൂട്ടിയിണക്കുന്ന ഒരു സവിശേഷ സാംസ്കാരിക കൂട്ടായ്മയാണ്. നിയമസഭാ സമുച്ചയത്തിൽ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ മേള, അറിവ്, സംവാദം, പുസ്തകങ്ങൾ എന്നിവയിലൂടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പുതിയ വായനാതലമുറയെ വളർത്താനും ലക്ഷ്യമിടുന്നു

ചരിത്രം രചിച്ച ആദ്യ എഡിഷൻ

രാജ്യത്തിനകത്തും പുറത്തുമുള്ള പുസ്തക പ്രസാധകര്‍ അണിനിരന്ന ആദ്യ എഡിഷൻ പുസ്തകോത്സവം പങ്കാളിത്തം കൊണ്ട് ചരിത്രം രചിച്ചു. അന്ന് കേരള നിയമസഭയിലേക്ക് എത്തിയത് ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളായിരുന്നു. ഏഴുലക്ഷത്തോളം പേര്‍ അക്ഷരങ്ങളുടെ, അറിവിന്റെ വാതായനങ്ങളിലൂടെ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ അടുത്തറിഞ്ഞു. പുതുതലമുറയ്ക്ക് ദിശാബോധം പകരുന്ന അക്ഷരോത്സവമായി നിയമസഭാ പുസ്തകോത്സവം മാറുകയായിരുന്നു. ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റാന്‍ കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സാധിക്കുമെന്നായിരുന്നു പുസ്തകോത്സവത്തിന്റെ ആദ്യ എഡിഷനെ ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു വിശേഷിപ്പിച്ചത്. ഇപ്പോൾ പുസ്തകോത്സവത്തിന്റെ നാലാം എഡിഷനാണ് അനന്തപുരി സാക്ഷിയാകുന്നത്.

പുസ്‌തകം വാങ്ങാൻ എംഎൽഎ ഫണ്ടും 

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി എംഎല്‍എമാരുടെ സ്പെഷ്യല്‍ ഡവലപ്മെന്റ് ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പുസ്തകം വാങ്ങാനായി വിനിയോഗിക്കാവുന്നതാണ്. അതാത് മണ്ഡലത്തിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍ക്കും സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കീഴിലുള്ള ഗ്രന്ഥശാലകള്‍ക്കും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്കുമാണ് ഇതിലൂടെ പുസ്തകങ്ങള്‍ വാങ്ങാന്‍ സാധിക്കുക. ഇത് പല പ്രസാധകർക്കും പകർന്ന ഊർജ്ജം ചെറുതല്ല.

പൊതുജനങ്ങൾക്ക് നിയമസഭയെ അടുത്തറിയാം 

പലപ്പോഴും രാജ്യത്തെ നിയമസഭകളിലൊന്നും പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കാറില്ല. എന്നാല്‍, അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭാ മന്ദിരത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. ജനങ്ങള്‍ക്ക് നിയമസഭയെ മനസിലാക്കാനും അതിന്റെ ചരിത്രം ഉള്‍ക്കൊള്ളാനും ഇവിടെ നടക്കുന്ന നടപടിക്രമങ്ങളെ സംബന്ധിച്ച് അറിവുണ്ടാക്കാനും അന്താരാഷ്ട്ര പുസ്തകോത്സവം സഹായകമാവും. നിയമസഭാ മന്ദിരത്തിന്റെ അകത്തളവും നിയമസഭയുടെ ചരിത്രം വിശദമാക്കുന്ന മ്യൂസിയവും നൂറുവര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള നിയമസഭാ ലൈബ്രറിയും കാണാന്‍ സൗകര്യമൊരുക്കുന്നുണ്ട്. ഗതാഗത വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിറ്റി റൈഡിംഗിനുള്ള ബസ്സുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നിയമസഭാ സമുച്ഛയവും പരിസരവും ദീപാലങ്കാരങ്ങളാല്‍ ആകര്‍ഷകമാകും. ഒരു വര്‍ഷത്തെ സംഘാടനം കൊണ്ടുതന്നെ കേരളത്തിന്റെ ആഭ്യന്തര ടൂറിസം ഭൂപടത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒരു ഇവന്റായി നിയമസഭയുടെ പുസ്തകോത്സവം മാറിയിട്ടുണ്ട്.
പ്രസാധകരുടെ പങ്കാളിത്തത്തിനും പുസ്തക ശേഖരത്തിനുമൊപ്പം വൈവിധ്യമാർന്ന പുസ്തകങ്ങളുടെ പ്രകാശനത്തിനും പ്രഥമ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം വേദിയാകുറുണ്ട്‌. രാഷ്ട്രീയ, കലാ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖർ എഴുതിയ നിരവധി പുസ്തകങ്ങളാണ് പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നത്. നിയമനിർമ്മാണ സഭകളെ പൊതുജനങ്ങൾക്ക് അപ്രാപ്യമെന്ന ധാരണ മാറ്റി, ജനങ്ങളും ജനാധിപത്യസ്ഥാപനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുവാനും പുസ്തകോത്സവം ഉപകരിച്ചു.

അക്ഷരോത്സവത്തിന് സവിശേഷതകളേറെ

എഴുത്തുകാർ, പ്രസാധകർ, വായനക്കാർ എന്നിവരെ ഒരുമിപ്പിച്ച് ചർച്ചകൾ, പ്രഭാഷണങ്ങൾ, പുസ്തക പ്രകാശനനങ്ങൾ എന്നിവയും ഈ അക്ഷരോത്സവത്തിന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി പ്രത്യേക സ്റ്റാളുകൾ), സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയും പുസ്തകോത്സവത്തെ വേറിട്ട് നിർത്തുന്നു. മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ പ്രതിഭകൾക്ക് നിയമസഭാ പുരസ്‌ക്കാരങ്ങളും നൽകും. കേരളത്തിന്റെ തലസ്ഥാനത്തിനു യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്ന് തെളിയിക്കുന്നതാണ് ഓരോ പുസ്തകോത്സവങ്ങളും. കോഴിക്കോട് ലോക സാഹിത്യനഗരമായതുപോലെ പുസ്തകോത്സവത്തിലൂടെ തിരുവനന്തപുരം യുനെസ്‌കോയുടെ ‘വേൾഡ് ബുക്ക് ക്യാപ്പിറ്റൽ’ ആകണമെന്നാണ് വായനയെ സ്നേഹിക്കുന്നവരുടെ ആഗ്രഹം.

Exit mobile version