‘ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചുകുന്തിച്ചു
ബ്രഹ്മനും തനിയ്ക്കൊക്കായെന്നു ചിലർ’ എന്ന് ജ്ഞാനപ്പാനയിൽ പൂന്താനം ഉയർത്തുന്ന ബ്രാഹ്മണ വിമർശനവും ‘വിപ്രാ ലോഭഗ്രഹഗ്രസ്താ വേദ വിക്രിയ ജീവിനഃ — ബ്രാഹ്മണർ ദുർമ്മോഹമാകുന്ന പിശാച് ബാധിച്ചവരും വേദം വിറ്റുണ്ണുന്നവരും’ ആകും എന്ന അധ്യാത്മ രാമായണത്തിലെ കലിയുഗ ലക്ഷണ വിവരണവും വി ടി ഭട്ടതിരിപ്പാടിന്റെ ‘പൂണൂൽ ഊണുനൂലാക്കിയോരെന്ന’ ബ്രാഹ്മണവിമർശനവും ഒക്കെ ചേർത്തു ചിന്തിച്ചാൽ ഭക്തി പ്രസ്ഥാനം മുതൽ നവോത്ഥാന മുന്നേറ്റം വരെയുള്ള ഒരു കാലഘട്ടവും ബ്രാഹ്മണ്യവിമർശന രഹിതമായിരുന്നിട്ടില്ല എന്നു മനസിലാക്കാം. അന്ധമായ ബ്രാഹ്മണ പൂജനം ബുദ്ധനു ശേഷം സംഭവിച്ച ഭാരതീയതയിൽ ഉണ്ടായിരുന്നിട്ടില്ല. ഇവ്വിഷയത്തിൽ വാല്മീകി രാമായണത്തിൽ നിന്നുള്ള സൂചനകൾ കഴിഞ്ഞ ദിവസം എടുത്തു കാട്ടിയിരുന്നു.
രാമായണത്തിലെ ബ്രാഹ്മണ വിമർശനവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനകാര്യം കൂടി എടുത്തുപറയാനുണ്ട്. രാവണവധമാണത്. രാവണൻ ബ്രാഹ്മണനായിരുന്നു എന്നത് അറിയുമ്പോഴേ രാമൻ ചെയ്തത് ബ്രഹ്മഹത്യയാണെന്ന് മനസിലാക്കാനാവൂ. മനുസ്മൃതിയുടെ കണ്ണിൽ ബ്രഹ്മഹത്യ, പ്രായശ്ചിത്തം അത്യന്തം പ്രയാസകരമായ അഥവാ പ്രായശ്ചിത്തമില്ലാത്ത മഹാപാപമാണ്. എന്നാൽ രാമായണത്തിന്റെ കണ്ണിൽ തെണ്ടിത്തരം ഏതു ബ്രാഹ്മണൻ ചെയ്താലും അയാൾ വധാർഹനാണ്. മഹാഭാരതത്തിൽ ബ്രാഹ്മണഗുരു ആയിരുന്നിട്ടും ദ്രോണർ വധിക്കപ്പെടുന്നതും ഇവിടെ ഓർമ്മിക്കണം.
ബ്രഹ്മഹത്യാപാപം നീങ്ങാൻ അധ്യാത്മ രാമായണം വായിച്ചാൽ മതി എന്ന് ഫലശ്രുതിവാക്യവും ഉണ്ട്. ഇതിൽ നിന്ന് ഇതിഹാസ കാലത്ത് ബ്രഹ്മഹത്യ പോലും പരിഹാരമുള്ള പാപകർമ്മമായി മാറിയിരുന്നെന്നു മനസിലാക്കാം. ഈ പശ്ചാത്തലത്തിൽ വേണം രാമന്റെ രാവണവധത്തെ വിശകലനം ചെയ്യാൻ. ‘ത്വം ബ്രാഹ്മണോ അസ്യുത്തമ വംശ സംഭവ പൗലസ്യ പുത്രോ അസി കുബേര ബാന്ധവഃ — പൗലസ്ത്യ ഗോത്രജനും കുബേര ബന്ധുവും ആയ ബ്രാഹ്മണനാണ് താങ്കൾ’ എന്ന് ഹനുമാൻ രാമായണത്തിൽ പറയുന്നു. രാവണൻ സാമവേദ നിപുണനുമായിരുന്നു. രാവണനെ കൊന്നാലുണ്ടാവുന്ന ബ്രഹ്മഹത്യാ ശാപം തീർക്കാനാണ് രാമൻ, രാമേശ്വര പ്രതിഷ്ഠ ചെയ്തതെന്ന് സൂതസംഹിതയിൽ പറയുന്നുണ്ടെന്നു ആഗമാനന്ദ സ്വാമികൾ എഴുതിയിട്ടുണ്ട് (വീരവാണി; വോള്യം 1; പേജ് 4).
രാവണൻ വെളുത്ത തൊലിയുള്ള ആളും രാമൻ കാർവർണനും ആയിരുന്നു എന്നതും കൂടി പരിഗണിക്കണം. ഇന്ദ്രാദിദേവകളെ മുഴുവൻ ചൊല്പടിയിൽ നിർത്താനും അപ്സരസ്ത്രീകൾ ഉൾപ്പെടെയുള്ളവരെ തന്റെ അന്തഃപുരത്തിലെ പരിചാരികമാരാക്കാനും കൂത്തച്ചികളാക്കാനും കഴിഞ്ഞിരുന്ന രാവണൻ, വേദമന്ത്രങ്ങൾ സ്വായത്തമാക്കിയ വലിയ തപഃശക്തിയും സംഗ്രാമപാടവവും ധനബലവുമുള്ള ബ്രാഹ്മണനായിരുന്നു എന്ന കാര്യം സാഹചര്യത്തെളിവുകൾ വെച്ചും തീർച്ചപ്പെടുത്താം. വേദമന്ത്രങ്ങൾ ചൊല്ലി ആവഹനം ചെയ്യാതെ ഇന്ദ്രാദിദേവതകൾ ആർക്കും വഴങ്ങില്ല എന്നാണ് വൈദികമത പാഠം. അതിനാൽ ഇന്ദ്രൻ രാവണനു വഴങ്ങിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് വേദമന്ത്ര ബലം ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. വേദം ദ്വിജരേ അഭ്യസിക്കാവൂ എന്നാണല്ലോ പഴയ വ്യവസ്ഥാചാരം. മാത്രമല്ല രാവണൻ തപസ് ചെയ്ത് ചന്ദ്രഹാസ ഖഡ്ഗാദി ധാരാളം വരസിദ്ധികൾ നേടിയിരുന്നു.
ശൂദ്രരോ അവരിൽ താഴ്ന്ന കുലത്തിൽ പിറന്നോരോ കൊടുംതപസ് ചെയ്താൽ ബ്രാഹ്മണർ ഇടപെട്ട് തടസം ചെയ്യും എന്നാണല്ലോ ഒരു വാദം നിലവിലുള്ളത്. ബ്രാഹ്മണരുടെ അത്തരം ഇടപെടലുകൾ രാവണന്റെ തപസ്യക്കു നേരെ ഉണ്ടായതായി എവിടെയും പറയാത്തതുകൊണ്ടും രാവണൻ ഹനുമാൻ പറഞ്ഞപോലെ ബ്രാഹ്മണകുലജാതൻ തന്നെ എന്ന് കരുതുന്നതാവും ഉചിതം. അതിനാൽ ശ്രീരാമൻ ചെയ്ത രാവണവധം ബ്രാഹ്മണവധമാണ്. രാവണനിൽ രാക്ഷസീയത പറയുന്നത് അദ്ദേഹം നീചകുലത്തിൽ ജനിച്ചവനാണ് എന്നതിനാലല്ല, എത്ര ബലം ഉപയോഗിച്ചും ചോരവീഴ്ത്തിയും താൻ ആഗ്രഹിച്ചതെല്ലാം വരുതിയിൽ വരുത്തുന്ന കഠിനസ്വഭാവം മൂലമാണ്. ബ്രഹ്മാവിൽ നിന്ന് വരം ലഭിക്കാൻ സ്വന്തം തലയറുത്തു ഹോമിക്കാൻ വരെ തയ്യാറായ രാവണൻ കുബേരനിൽ നിന്ന് അധികാരവും പുഷ്പക വിമാനവും ബലം പ്രയോഗിച്ചാണ് നേടിയത്. ഇന്ദ്രാദി ദേവതകളെ ബലം പ്രയോഗിച്ച് വരുതിയിലാക്കിയ രാവണൻ സീതയെയും ബലം പ്രയോഗിച്ചു വരുതിയിൽ വയ്ക്കാൻ ശ്രമിച്ചു. ഇങ്ങനെ പലരോടും ചെയ്ത ബലപ്രയോഗങ്ങളുടെ ഫലമായി 18 ശാപങ്ങൾ രാവണനുമേലുണ്ടായതായി വിവിധ പുരാണങ്ങൾ പറയുന്നുണ്ട് (കൂടുതൽ വിവരങ്ങൾക്ക്; പുരാണിക് എൻസൈക്ലോപീഡിയ പേജ് 1067–1068). മറികടക്കാനാവാത്ത ബലം പ്രയോഗിക്കുന്നവർക്കു നേരെ ഇരകൾക്ക് ശാപവചസുകൾ ചൊരിയാനല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലല്ലോ.
ബലം പ്രയോഗിച്ചു കാര്യങ്ങൾ തൻവരുതിയിലാക്കുന്ന സ്വഭാവത്താൽ ബ്രഹ്മരക്ഷസായി തീർന്ന ആളാണ് ലങ്കേശനായ രാവണൻ. അതിനാൽ രാവണവധം ചെയ്ത രാമൻ ബ്രാഹ്മണ ധ്വംസകനും കൂടിയാണെന്നുവേണം പറയാൻ. ശംബൂകൻ എന്ന ശൂദ്രതപസ്വിയെ കൊന്നയാളാണ് രാമൻ എന്നു പറയാനും അതുവഴി രാമനെ ബ്രാഹ്മണപൂജകനാക്കി അധിക്ഷേപിക്കാനും ഉപയോഗിക്കുന്ന അത്രതന്നെ തെളിവുകൾ രാവണൻ ബ്രാഹ്മണനും രാവണവധം ബ്രാഹ്മണവധവുമാണെന്നും അതിനാൽ രാമൻ കേവലം ബ്രാഹ്മണ പൂജകനായിരുന്നില്ലെന്നു പറയാനും ഇതിഹാസ പുരാണങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇത്രയും എഴുതിയത് രാമനെയോ രാവണനെയോ വെള്ളപൂശാനോ താറടിക്കാനോ അല്ല. മറിച്ച്, അടച്ചാക്ഷേപിക്കലിന്റെ വിധിയെഴുത്താവരുത് ഒരു വിഷയത്തിലും ഗവേഷക ഭാഷയുടെ സ്വഭാവം എന്നു വ്യക്തമാക്കാനാണ്. അംബേദ്കറെ ഉദ്ധരിക്കട്ടെ; ”വിശുദ്ധ സാഹിത്യത്തോടുള്ള ഹിന്ദുക്കളുടെ സാമൂഹിക ചരിത്രത്തിന്റെ പ്രശ്നങ്ങളെ സംബന്ധിച്ച പഠനത്തിനാവശ്യമായ വിവരങ്ങളുടെ മുഖ്യസ്രോതസ് ഈ സാഹിത്യമാണല്ലോ. ബ്രാഹ്മണപണ്ഡിതന്റെയും അബ്രാഹ്മണപണ്ഡിതന്റെയും മനോഭാവത്തിലെ വ്യത്യാസം, അതായത്, കുറ്റം പറയാതുള്ള പ്രശംസയെന്ന ബ്രാഹ്മണപണ്ഡിതന്റെ മനോഭാവവും വിട്ടുവീഴ്ചയില്ലാത്ത കുറ്റാരോപണം എന്ന അബ്രാഹ്മണപണ്ഡിതന്റെ മനോഭാവവും ചരിത്രപരമായ ഗവേഷണത്തിന് ഏറ്റവും ഹാനികരമാണെന്ന് എനിക്കറിയാം” (ഡോ. അംബേദ്കറുടെ തെരഞ്ഞെടുത്ത കൃതികൾ, ആമുഖം പേജ് 34; കേരള ഭാഷാ ഇൻസ്റ്റിസ്റ്റ്യൂട്ട് 2024). ഈ ഹാനി ഗവേഷകർക്ക് രാമായണ പഠനത്തിൽ സംഭവിക്കരുത്.

