Site iconSite icon Janayugom Online

കിസാന്‍സഭ ഇടപെട്ടു; ജെ ബ്ലോക്കില്‍ നെല്ല് സംഭരണം ആരംഭിച്ചു

നെല്ല് സംഭരണം ചൊല്ലി തര്‍ക്കം നിലനിന്ന ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തെ കര്‍ഷകര്‍ക്ക് ആശ്വാസം. കിസാന്‍സഭയുടെ ഇടപടലില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ പാടത്തു നിന്നും നെല്ല് സംഭരിച്ചു തുടങ്ങി. 2024–25 വര്‍ഷത്തെ രണ്ടാം വിള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ മില്ലുടമകളുടെയും കര്‍ഷകരുടെയും യോഗം വിളിച്ചുചേര്‍ത്തെങ്കിലും വിഷയത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകാതെ വന്നതോടെയാണ് കിസാന്‍സഭ ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ ബ്ലോക്ക് , ഒമ്പതിനായിരം പാടശേഖരത്തില്‍ കൊയ്തെടുത്ത നെല്ല് ഒരാഴ്ചയില്‍ അധികമായി സംഭരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസം വരെ. നെല്ലിന്റെ കിഴിവ് നിശ്ചയിക്കുന്നതില്‍ കര്‍ഷകരും മില്ലുടമകളും തമ്മിലുണ്ടായിരുന്ന തര്‍ക്കം നീണ്ടതോടെയാണ് നെല്ല് സംഭരണം നടക്കാതെ വന്നത്. 

മില്ലുടമകളും കര്‍ഷകരും തമ്മില്‍ ഉള്ള പ്രശ്നം പരിഹരിക്കാനാവാതെ വന്നതോടെ കഴിഞ്ഞ ദിവസം കൃഷി-സിവില്‍സപ്ലൈസ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് വിളിച്ചുചേര്‍ത്ത് നെല്ല് സംഭരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ മില്ലുടമകളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. ഒരുകിലോ കിഴിവ് കളക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും തീരുമാനം നിരാകരിച്ചുകൊണ്ട് മില്ലുടമകള്‍ യോഗം ബഹിഷ്ക്കരിച്ചു.
ഈ സാഹചര്യത്തില്‍ കിസാന്‍സഭ നേതാക്കളായ ഇ എന്‍ ദാസപ്പന്‍, സന്തോഷ് കേശവനാഥ്, സി വി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒമ്പതിനായിരം പാടശേഖരത്തിലെ കര്‍ഷകരും മില്ലുടമ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വീണ്ടും കളക്ടറുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ട് കിലോ കിഴിവില്‍ നെല്ല് സംഭരിക്കാന്‍ ഇരുകൂട്ടരും സമ്മതം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ നെല്ല് സംഭരണം ആരംഭിച്ചത്. ചാക്കില്‍ സംഭരിച്ച നെല്ല് രാവിലെ മുതല്‍ തന്നെ ലോറികള്‍ എത്തി മില്ലുകളിലേക്ക് കൊണ്ടുപോയി. ഇന്നലെ 1500 ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്

Exit mobile version