Site iconSite icon Janayugom Online

ആനവണ്ടി ഇനി വെറെ ലെവൽ; ട്രാക്ക് ചെയ്യാം ചലോ ആപ്പിലൂടെ

കേരളീയരായ ഭൂരിഭാഗം ആളുകളും ദീർഘദൂര യാത്രകളിൽ ട്രെയിൻ കഴിഞ്ഞാൽ ഏറ്റവും ആദ്യം തെരഞ്ഞെടുക്കുന്ന മറ്റൊരു പൊതുഗതാഗത സംവിധാനമാണ് കെഎസ്ആർടിസി. എന്നാൽ ബസുകളുടെ സമയക്രമം സംബന്ധിച്ച് യാത്രക്കാർക്ക് വ്യാപകമായി പരാതികൾ ഉണ്ടായിരുന്നു. ഇപ്പോൾ ഈ പരാതികൾക്കെല്ലാം പരിഹാരമായി ചലോ-ആപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയും ചലോ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ കേരളത്തിലെ കൊച്ചി പോലുള്ള നഗരങ്ങളിലും മറ്റ് ട്രാഫിക് ജാമുകളിലും കുടുങ്ങുന്ന ആനവണ്ടികൾ എവിടെ എത്തി, എപ്പോൾ സ്റ്റോപ്പിൽ എത്തും എന്നെല്ലാമുള്ള ഒരു യാത്രക്കാരന്റെ സംശയങ്ങൾ ദുരീകരിക്കുയാണ് കെഎസ്ആർടിസിയുടെ ചലോ- ലൈവ് ബസ് ട്രാക്കിംഗ് ആപ്പിലൂടെ. യാത്രക്ക് ഒരുങ്ങും മുമ്പ് തന്നെ ബസ് എവിടെ എത്തി, ബസ് വൈകിയോടുന്നുണ്ടോ, ദീർഘദൂര യാത്രക്കാർക്ക് ബസിന്റെ നമ്പർ, ബസിൽ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യങ്ങളെല്ലാം കെഎസ്ആർടിസി വിരൽതുമ്പിൽ ലഭ്യമാക്കും. 

ആൻഡ്രോയിഡ് ഫോണുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ഫോണുകൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ചലോ-ലൈവ് ബസ് ട്രാക്കിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. ആപ്പ് തുറക്കുമ്പോൾ നിലവിലെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളും നൽകാം. തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പുകളും അറിയാൻ കഴിയും. ഫൈൻഡ് ട്രാക്ക് യുവർ ബസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് എത്തേണ്ട സ്ഥലമോ ബസ് നമ്പറോ ഉപയോഗിച്ച് സെർച്ച് ചെയ്യാനാകും. എവിടെ നിന്ന് എങ്ങോട്ട് തുടങ്ങിയ വിവരങ്ങളും നല്കണം. യാത്രയ്ക്ക് ആവശ്യമായ വിവിധ ബസ് സർവീസുകൾക്ക് പുറമെ മറ്റു ബസുകളും കാണിക്കുന്നതാണ്. നമ്മൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് എപ്പോൾ എത്തുമെന്നും ബസ്സിൽ സീറ്റുകൾ ഒഴിവുണ്ടോ, തിരക്കുണ്ടോ എന്നീ കാര്യങ്ങളും മനസ്സിലാക്കാനാകും. ലിസ്റ്റിൽ ഉള്ള സർവ്വീസുകൾ ഓരോന്നിലും അമർത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. 

Exit mobile version