Site icon Janayugom Online

കീറിയ നോട്ട് നൽകി; തിരുവനന്തപുരത്ത് എട്ടാംക്ലാസുകാരനെ നടുറോഡിൽ ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്‌ടർ

KSRTC

ടിക്കറ്റ് കീറിയതാണെന്നാരോപിച്ച് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് കെഎസ്ആർടിസി വനിതാ കണ്ടക്‌ടർ. ദേശീയപാത ബൈപ്പാസിൽ കുഴിവിളയിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ദുരനുഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ സ്കൂളിനു മുന്നിൽനിന്ന്‌ കിഴക്കേക്കോട്ടയിലേക്കുള്ള കെഎസ്ആർടിസി ബസിൽ കയറിയതായിരുന്നു വിദ്യാര്‍ത്ഥി.

വെൺപാലവട്ടം വേൾഡ് മാർക്കറ്റിനു മുന്നിലെത്തിയപ്പോഴാണ് വനിതാ കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു വന്നത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന 20 രൂപ നോട്ട് കൊടുത്തപ്പോൾ നോട്ട് കീറിയതാെണന്ന കാരണം പറഞ്ഞ് അപ്പോൾത്തന്നെ ബെല്ലടിച്ച് ബസ് നിർത്തി ഇറക്കിവിടുകയായിരുന്നു. നട്ടുച്ചയ്ക്ക് വഴിവക്കിൽ നിന്ന കുട്ടിയെ മുക്കാൽ മണിക്കൂറിനു ശേഷം ഒരു ബൈക്ക് യാത്രക്കാരനാണ് വീടിനു സമീപം കൊണ്ടുവിട്ടത്.

നീലനിറത്തിലുള്ള സിറ്റി ഷട്ടിൽ നടത്തുന്ന വലിയ ബസാണെന്ന് കുട്ടി പറഞ്ഞു. കണ്ടക്ടറെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണമാരംഭിച്ചു.

Eng­lish Sum­ma­ry : The KSRTC woman con­duc­tor dropped the 8th class girl from the bus
You may also like this video

Exit mobile version