തൊഴിലാളി പ്രതിഷേധങ്ങളും സംസ്ഥാനങ്ങളുടെ വിയോജിപ്പുകളും മറികടന്ന് കേന്ദ്രസർക്കാർ അടിച്ചേല്പിക്കുന്ന ലേബർ കോഡുകൾക്കെതിരെ ഇന്ന് ‘ലേബർ കോൺക്ലേവ് 2025’ സംഘടിപ്പിക്കും. രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തൊഴില്‍ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ പഞ്ചാബ് തൊഴിൽ മന്ത്രി തരുൺ പ്രീത് സിങ്, തമിഴ്‌നാട് തൊഴിൽ മന്ത്രി സി വി ഗണേശൻ, ഝാർഖണ്ഡ് തൊഴിൽ മന്ത്രി സങ്ജയ് പ്രസാദ് യാദവ്, തെലങ്കാന മന്ത്രി വിവേക് വെങ്കട്ടസ്വാമി എന്നിവരെ കൂടാതെ സംസ്ഥാന മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ, കെ പി രാജേന്ദ്രൻ, ആർ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.
രണ്ട് സുപ്രധാന ടെക്നിക്കൽ സെഷനുകളാണ് കോൺക്ലേവിന്റെ ഭാഗമായി നടക്കുന്നത്. സുപ്രീം കോടതി മുൻ ജഡ്ജിമാർ, അഡ്വക്കേറ്റ് ജനറൽ, ദേശീയ‑സംസ്ഥാന ട്രേഡ് യൂണിയൻ നേതാക്കൾ, നിയമവിദഗ്ധർ, അക്കാദമിക് പണ്ഡിതർ എന്നിവർ ചർച്ചകളിൽ പങ്കുചേരും. കോൺക്ലേവിന്റെ സമാപനത്തിൽ സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിനുള്ള ഔദ്യോഗിക നയപ്രഖ്യാപനം നടക്കും.

