അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു. കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം, വെള്ളൂർ പഞ്ചായത്തുകളിലാണ് അനധികൃത മണ്ണെടുപ്പ് കൂടുതലും നടക്കുന്നത്. കഴിഞ്ഞ 28 വരെ ഖനന പ്രവർത്തികൾ ഒന്നും നടത്താൻ പാടില്ല എന്ന് കളക്ടറുടെ ഉത്തരവ് ലംഘിച്ചും ഇവിടെ മണ്ണെടുപ്പ് നിർബാധം തുടരുകയായിരുന്നു. മഴ മാറി ഒരു ദിവസം വെയിൽ തെളിഞ്ഞതോടെ മണ്ണ് മാഫിയ ഈ പ്രദേശങ്ങളിൽ പിടി മുറുക്കിയിരിക്കുകയാണ്.
മുളക്കുളം പഞ്ചായത്തിലെ ഞാറുകുന്ന് അങ്കണവാടിക്ക് സമീപവും കുന്നപ്പള്ളി പെരുമാലിൽ ക്രഷറിന് സമീപവും നിരോധന ഉത്തരവ് നിലനിൽക്കെ യാതൊരുവിധ അനുമതിയും ഇല്ലാതെ മണ്ണെടുപ്പ് തുടരുകയാണ്. വലുതും ചെറുതുമായ ടിപ്പർ ലോറികൾ ഓടി ഈ പ്രദേശത്തെ പ്രാദേശിക വഴികൾ തകർന്നു തുടങ്ങി. വെളുപ്പിന് തുടങ്ങുന്ന മണ്ണെടുപ്പ് രാത്രി വരെ നീളും. വെള്ളൂർ, ഇറുമ്പയം, ജാതിക്കാമല, ഞീഴൂർ, പാറശ്ശേരി, കാട്ടാമ്പാക്ക്, തുടങ്ങിയ പ്രദേശങ്ങളിലും അനധികൃത മണ്ണെടുപ്പ് വ്യാപകമാണ്. ഇതിനെല്ലാം അധികൃതർ കൂട്ടുനിൽക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പരാതി പറഞ്ഞാൽ പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും സ്ഥലത്ത് നിന്ന് ജെ.സി.ബി.യും ടിപ്പറുകളും മാറ്റി അവർ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെടും. അനധികൃത മണ്ണെടുപ്പിന് കൂട്ടുനിൽക്കുന്ന പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ മണ്ണ് മാഫിയകളെ നേരത്തെ വിവരം അറിയിക്കുകയാണ് പതിവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

