Site iconSite icon Janayugom Online

ഭൂമി കുംഭകോണം വാർത്ത നൽകി ; റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കർണാടകത്തിൽ വൻ ഭൂമി കുംഭകോണം നടത്തിയ വാർത്ത പുറത്തുവിട്ട റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് . റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെ രാജീവ് ചന്ദ്രശേഖറാണ് കേസ് നൽകിയത്. കര്‍ണാടക ഭൂമി കുംഭകോണത്തില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖറിനും ഭാര്യാപിതാവ് അജിത് ഗോപാല്‍ നമ്പ്യാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരനായ ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ കെ എന്‍ ജഗദേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ഈ വാർത്ത റിപ്പോർട്ടർ ടി വി പുറത്തുവിട്ടിരുന്നു.

 

ബിസിനസിനും ഫാക്ടറികള്‍ക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ്)യില്‍ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് ജഗദേഷ് കുമാറിന്റെ പരാതി. 1994ല്‍ രാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ക്ക് വലിയ തുകയ്ക്ക് വിറ്റെന്ന ആരോപണമാണ് പരാതിക്കാരന്‍ ഉന്നയിച്ചത് . മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേനയാണ് നൂറു കോടി രൂപയുടെ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

Exit mobile version