Site iconSite icon Janayugom Online

കുത്തകകളില്‍ നിന്ന് ഏറ്റവുമധികം സംഭാവന ബിജെപിക്ക്: 2020 ല്‍ ലഭിച്ചത് 720 കോടി രൂപ

BJPBJP

2019–2020 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്നും ഏറ്റവുമധികം സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട്. 720 കോടിയിലധികം രൂപയുടെ സംഭാവന ബിജെപി കോര്‍പറേറ്റുകളില്‍ നിന്നും സ്വീകരിച്ചിട്ടുണ്ട്.

കോര്‍പ്പറേറ്റുകളും വന്‍കിട ബിസിനസ് സ്ഥാപനങ്ങളും 2019–20 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് 921.95 കോടി രൂപയാണ്. സാമ്പത്തിക വര്‍ഷത്തില്‍ 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന സ്വീകരിച്ചതു സംബന്ധിച്ച് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയുടെ 91 ശതമാനവും കോര്‍പറേറ്റ് ഫണ്ടുതന്നെയാണെന്ന് എഡിആര്‍ വിശദീകരിക്കുന്നു. 2019–20 സാമ്പത്തിക വര്‍ഷം 2025 കോര്‍പറേറ്റ് ദാതാക്കളില്‍നിന്ന് 720.40 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് 154 ദാതാക്കളില്‍നിന്നായി 133.04 കോടി രൂപ സംഭാവനയായി സ്വീകരിച്ചു. 36 കോര്‍പ്പറേറ്റ് ദാതാക്കളില്‍ നിന്ന് എന്‍സിപിക്ക് ലഭിച്ചത് 57.086 കോടി രൂപയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2019–20ല്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രസ്റ്റ് ഒരു വര്‍ഷത്തിനിടെ 38 തവണ വീതം രണ്ട് പാര്‍ട്ടികള്‍ക്കും സംഭാവന നല്‍കി, മൊത്തം 247.75 കോടി രൂപ. ബിജെപിക്ക് 216.75 കോടിയും കോണ്‍ഗ്രസിന് 31.00 കോടിയും പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റില്‍ നിന്ന് ലഭിച്ചു. 2019–20ല്‍ എന്‍സിപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ബിജി ഷിര്‍കെ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡായിരുന്നുവെന്നും വിശകലനത്തില്‍ പറയുന്നു.

ഇതിനും മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന 2014–15 സാമ്പത്തിക വര്‍ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സ്വീകരിച്ചത് 573.18 കോടി രൂപയാണെന്നും എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: The largest dona­tion to the BJP from the monop­o­lies: Rs 720 crore in 2020

You may like this video also

Exit mobile version